തിരുവനന്തപുരം: പെട്രോൾ-ഡീസൽ വിലവർധനവിൽ പ്രതിഷേധിച്ചു സംസ്ഥാനത്ത് ഗതാഗത മേഖലയിലെ തൊഴിൽ ഉടമകളും ട്രേഡ് യൂണിയനുകളും സംയുക്തമായി നടത്തുന്ന മോട്ടോർ വാഹന പണിമുടക്ക് തുടങ്ങി. രാവിലെ ആറു മുതൽ വൈകുന്നേരം ആറു വരെയാണ് പണിമുടക്ക്.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ച പരാജയപ്പെട്ട സാഹചര്യത്തിൽ കെഎസ്ആർടിസി ജീവനക്കാരും പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്. ഓട്ടോ, ടാക്സികൾ ചരക്കുലോറികൾ സ്വകാര്യ ബസുകൾ എല്ലാം പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്. അതിനാൽ സർക്കാർ ഓഫീസുകളുടേയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും പ്രവർത്തനത്തെ ബാധിക്കും. സ്വകാര്യ വാഹനങ്ങളുടെ യാത്ര തടയില്ലെന്നു സമരസമിതി അറിയിച്ചു. എന്നാൽ വ്യക്തമായ കാരണങ്ങളില്ലാതെ കെഎസ്ആർടിസിയിൽ ജീവനക്കാർക്ക് അവധി നൽകരുതെന്നും പോലീസ് സംരക്ഷണത്തോടെ പരാമവധി സർവീസുകൾ നടത്തണമെന്നും എംഡി ഉത്തരവിട്ടു.
ഇന്ന് നടത്താനിരുന്ന പരീക്ഷകൾ കേരള സർവകലാശാല, എംജി സർവകലാശാല, ആരോഗ്യസർവകലാശാലകൾ മാറ്റിവെച്ചു. പിഎസ്സി പരീക്ഷകൾക്കു മാറ്റമില്ല.