കൊച്ചി: കളമശേരി മെഡിക്കല്‍ കോളേജിലെ കോവിഡ് ഐസൊലേഷന്‍ വാര്‍ഡുകളില്‍ രോഗികള്‍ക്ക് മരുന്നും ഭക്ഷണവുമായി ഇനി റോബോട്ട് എത്തും. നടന്‍ മോഹന്‍ലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷനാണ് മെഡിക്കല്‍ കോളേജിന് സ്വയം നിയന്ത്രിത റോബോട്ടിനെ നല്‍കിയത്.
കര്‍മ്മി-ബോട്ട് എന്ന് പേരിട്ടിരിക്കുന്ന റോബോട്ടിന് 25 കിലോഗ്രാം ഭാരം വരെ കൊണ്ടുപോകാനാവും. കോവിഡ് രോഗികളെ പരിചരിക്കുന്നത് വഴി ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം പകരുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് റോബോട്ട് അവതരിപ്പിച്ചിരിക്കുന്നത്.കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ മെയ്ക്കര്‍ വില്ലേജിലെ അസിമോവ് റോബോട്ടിക്സ് എന്ന സ്ഥാപനമാണ് റോബോട്ട് വികസിപ്പിച്ചത്.
ഐസൊലേഷന്‍ വാര്‍ഡിലേയ്ക്ക് മരുന്നും ഭക്ഷണവും മറ്റും എത്തിക്കാനും മാലിന്യങ്ങള്‍ തിരികെ കൊണ്ടുപോകാനുമാകും സ്വയംനിയന്ത്രിത റോബോട്ടിനെ ഉപയോഗിക്കുക. വിശ്വശാന്തി ഫൗണ്ടേഷന്‍ ഭാരവാഹികള്‍ ജില്ലാ കളക്ടര്‍ എസ്.സുഹാസിന് റോബോട്ടിനെ കൈമാറി.
രോഗിയുടെ താപനില അളക്കുന്നതും ഇനി മുതല്‍ കര്‍മ്മി റോബോട്ട് ആയിരിക്കും. ഈ റോബോട്ടിന്റെ ഇരുവശത്തുമുള്ള കാമറകള്‍ വഴി രോഗിക്ക് ഡോക്ടറുമായി വീഡിയോ കോള്‍ ചെയ്യാനും രോഗവിവരം അറിയാനും കഴിയും.അള്‍ട്രാവയലറ്റ് രശ്മികള്‍ കൊണ്ട് സ്വയം അണുവിമുക്തമാക്കാനും അണുനാശിനി ചുറ്റും തളിക്കാനും ഈ റോബോട്ടിന് സാധിക്കും.
ആരോഗ്യവിഭാഗത്തിന്റെ പരിശോധനയ്ക്ക് ശേഷം കര്‍മ്മി-റോബോട്ടിനെ കളമശേരി മെഡിക്കല്‍ കോളേജിലെ രോഗികളുടെ പരിചരണത്തിനായി കൈമാറുമെന്ന് ജില്ലാ കളക്ടര്‍ എസ്.സുഹാസ് അറിയിച്ചു. പിപിഇ കിറ്റുകള്‍ക്ക് ദൗലഭ്യം നേരിടുന്ന സമയത്ത് റോബോട്ടിനെ ലഭിച്ചത് ഏറെ ആശ്വാസകരമാണെന്നും അദ്ദേഹം പറഞ്ഞു