തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് വിതച്ച ദുരിതം നേരിടാൻ 7340 കോടി രൂപയുടെ പാക്കേജ് അനുവദിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടു കേരളം ആവശ്യപ്പെട്ടു. തൈക്കാട് ഗവ. ഗസ്റ്റ് ഹൗസിൽ മുഖ്യമന്ത്രിയും മറ്റ് ഉദ്യോഗസ്ഥരും പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് കേരളം ഈ ആവശ്യം ഉന്നയിച്ചത്. ദുരന്തം നേരിടാൻ അടിയന്തര സഹായമായി 1200 കോടി രൂപ അനുവദിക്കണമെന്നും ദീർഘകാല പാക്കേജായി 7340 കോടി അനുവദിക്കണമെന്നും കേരളം യോഗത്തിൽ ആവശ്യപ്പെട്ടു.
പൂന്തുറയിൽ മൽസ്യത്തൊഴിലാളികളുമായി പ്രധാനമന്ത്രി സംസാരിച്ചു. കേരളത്തിന്റെ ആവശ്യങ്ങളും ദുരന്ത കെടുതികളും വിലയിരുത്തിയ പ്രധാനമന്ത്രി, കേരളത്തിന്റെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന് ഉറപ്പു നൽകി. ഓഖി ചുഴലിക്കാറ്റ് മുന്നറിയിപ്പ് ലഭിച്ചില്ലെന്ന കേരളത്തിന്റെ പരാതി പരിശോധിക്കുമെന്നും മുന്നറിയിപ്പ് സംവിധാനങ്ങൾ മെച്ചപ്പെടുത്താൻ സഹായം നൽകാമെന്നും പ്രധാനമന്ത്രി യോഗത്തിൽ അറിയിച്ചു.
കന്യാകുമാരിയിലെത്തിയ മോദി, ഇവിടുത്തെ മൽസ്യത്തൊഴിലാളി കുടുംബങ്ങളുമായി കൂടിക്കാഴ്ച നടത്തി. അതിനിടെ, ഓഖി ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 4047 കോടി രൂപ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി മുഖ്യമന്ത്രിക്ക് നിവേദനം നൽകി.