തിരുവനന്തപുരം: ഭരണഘടനയെ വിമർശിച്ച സംഭവം വിവാദമായ സാഹചര്യത്തിൽ മന്ത്രി സജി ചെറിയാൻ രാജിവച്ചു. സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ നിർദേശപ്രകാരമാണ് രാജി. മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ സജി ചെറിയാനെ ഓഫീസിലേക്ക് വിളിച്ചുവരുത്തി രാജിവെക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് മന്ത്രി വാർത്താസമ്മേളനം നടത്തി രാജി പ്രഖ്യാപനം നടത്തി. രാജിക്കത്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കൈമാറി. ഭരണഘടനയെ മാനിക്കുന്ന രാഷ്ട്രീയ പാർട്ടിയുടെ പ്രതിനിധിയാണ് താനെന്നും തന്റെ പ്രസംഗത്തിൽ ഉന്നയിച്ച വിമർശനം മാധ്യമങ്ങൾ പൂർണമായി ഉൾക്കൊള്ളിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. രാജ്യത്തിന്റെ ഭരണഘടനയെയും നീതിന്യായ വ്യവസ്ഥയെയും ബഹുമാനിക്കുന്ന അദ്ദേഹത്തിന്റെ ഒരു മണിക്കൂർ പ്രസംഗത്തിന്റെ ചില ഭാഗങ്ങൾ പ്രചരിക്കുന്നുണ്ട്. ഇത് സിപിഎമ്മിനെ സംശയത്തിലാഴ്ത്തിയിട്ടുണ്ട്. അതുകൊണ്ട് രാജിവെക്കുകയാണെന്ന് മന്ത്രി പറഞ്ഞു. മന്ത്രിയായി തുടരുന്നത് ശരിയല്ലാത്തതിനാലാണ് രാജി. ഒരിക്കലും ഭരണഘടനയുടെ വിമർശകനല്ല. മതനിരപേക്ഷ ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന പ്രവർത്തനങ്ങളിൽ സജീവമായി തുടരുമെന്നും മന്ത്രി പറഞ്ഞു. എംഎൽഎ സ്ഥാനം രാജിവയ്ക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് മന്ത്രി പ്രതികരിച്ചില്ല. English Summary : Minister Saji Cherian has resigned