മന്ത്രി കെ ടി ജലീൽ രാജിവെച്ചു

സംസ്ഥാന ന്യൂനപക്ഷ വികസന കോർപറേഷനിലെ നിയമനം സംബന്ധിച്ച ലോകായുക്ത വിധിയെ തുടർന്ന് മന്ത്രി കെ ടി ജലീൽ രാജിവെച്ചു. മുഖ്യമന്ത്രിക്ക് ജലീൽ രാജിക്കത്ത് നൽകി. മുഖ്യമന്ത്രിയുടെ ഓഫീസ് രാജിക്കത്ത് ഗവർണർക്ക് കൈമാറി.ന്യൂനപക്ഷ വികസന കോർപറേഷൻ ജനറൽ മാനേജരായി കെ ടി അദീബിനെ നിയമിച്ചത് നിയമവിരുദ്ധമാണെന്നാണ് ലോകായുക്ത വിധിച്ചത്. ബന്ധുവായ കെ ടി അദീബിനെ നിയമിക്കാൻ മന്ത്രി ജലീൽ യോഗ്യതയിൽ തിരുത്തൽ വരുത്തിയെന്നും മന്ത്രിയായി തുടരാൻ ജലീലിന് അർഹതയില്ലെന്നും ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപ ലോകായുക്ത ഹാറുൺ അൽ റഷീദ് എന്നിവരുടെ റിപ്പോർട്ടിൽ പറയുന്നു. ലോകായുക്ത നിയമം 12(3) പ്രകാരം റിപ്പോർട്ട് തുടർനടപടിക്കായി തിങ്കളാഴ്ച്ച മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. ലോകായുക്ത റിപ്പോർട്ട് ചോദ്യംചെയ്ത് ജലീൽ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ വാദം തുടരുകയാണ്. ജസ്റ്റിസ് പി ബി സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ലോകായുക്ത നിയമം അനുസരിച്ചുള്ള അന്വേഷണം നടത്താതെ നൽകിയ റിപ്പോർട്ട് നിയമപരമല്ലെന്ന് ഹർജിയിൽ പറയുന്നു. ലോകായുക്തയിൽ ലഭിക്കുന്ന പരാതിയിൽ ഉചിതമായ ഏജൻസിയെക്കൊണ്ട് അന്വേഷണം നടത്തിക്കണമെന്ന വ്യവസ്ഥ ലംഘിക്കപ്പെട്ടു. പരാതി നിലനിൽക്കുമോ എന്നു മാത്രമാണ് ലോകായുക്ത പരിശോധിച്ചത്.നിയമാനുസൃതമായ അന്വേഷണം ആവശ്യമാണ്. സമാന പരാതി നേരത്തെ ഹൈക്കോടതിയും ഗവർണറും നിരസിച്ചിരുന്നു.

പിന്നോക്കവിഭാഗ വികസന ഫിനാൻസ് കോർപറേഷനിലെ നിയമനങ്ങൾ ലോകായുക്തയുടെ പരിധിയിൽ വരില്ലെന്ന കാര്യവും പരിഗണിക്കപ്പെട്ടില്ല. നിയമനത്തിന് പ്രത്യേക ചട്ടങ്ങൾ വ്യവസ്ഥ ചെയ്തിട്ടില്ലാത്തതിനാൽ ചട്ടലംഘനം ഉണ്ടായതായി പറയാനാവില്ലെന്ന് അഡ്വ. പി സി ശശിധരൻ മുഖേന സമർപ്പിച്ച ഹർജിയിൽ ചൂണ്ടിക്കാട്ടി. റിപ്പോർട്ടിന്മേലുള്ള തുടർനടപടിയും ഹർജിക്കാരനെതിരായ പരാമർശങ്ങളും റദ്ദാക്കണമെന്നാണ് ആവശ്യം.

English Summary : Minister KT Jalil resigns

admin:
Related Post