ക്ഷീരകർഷകർക്ക് സമ്മാനമായി മലപ്പുറത്തെ മിൽമ ഡയറിയും മിൽക്ക് പൗഡർ ഫാക്ടറിയും നാടിന് സമർപ്പിച്ചു; ആദ്യ ഓർഡർ ലുലുവിന്

മലപ്പുറം: ക്ഷീരകർഷകർക്ക് സമ്മാനമായി മലപ്പുറത്തെ മിൽമ ഡയറിയും മിൽക്ക് പൗഡർ ഫാക്ടറിയും നാടിന് സമർപ്പിച്ചു. മന്ത്രി ജെ. ചിഞ്ചുറാണി അധ്യക്ഷത വഹിച്ച ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഡയറി ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ഡയറി വെറ്റ്നർ വിതരണോദ്ഘാടനവും നടന്നു. മലപ്പുറം യൂണിറ്റിലെ ആദ്യ പർച്ചേഴ്സ് സ്വന്തമാക്കിയത് ലുലു ​ഗ്രൂപ്പാണ്. പർച്ചേഴ്സ് ഓർഡർ ലുലു ​ഗ്രൂപ്പ് ഇന്ത്യ സി.ഇ.ഒ ആന്റ് ഡറക്ടർ എം.എ നിഷാദ് മിൽമ മലപ്പുറം യൂണിറ്റ് അം​ഗങ്ങൾക്ക് കൈമാറിക്കൊണ്ടാണ് വിതരണോദ്ഘാടനത്തിൽ ആ​ഗോള റീടെയിൽ ഹൈപ്പർ മാർക്കറ്റ് ശൃംഖലയായ ലുലു ​ഗ്രൂപ്പും പങ്കാളികളായിരിക്കുന്നത്.

മിൽമയുടെ മലപ്പുറം ഡെയറിയും പാൽപൊടി ഫാക്‌ടറിയും ക്ഷീരകർഷകർക്ക് കൂടുതൽ അവസരങ്ങൾ ഒരുക്കുമെന്ന് ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പോഷകാഹാര ഭക്ഷണങ്ങൾക്ക് വലിയ തോതിൽ പ്രാധാന്യം നൽകുന്ന കാലമാണിത്. പ്രോട്ടീൻ ഉൽപ്പന്നങ്ങളായി ഇന്ന് വിപണിയിലേക്ക് എത്തുകയാണ്, ക്ഷീരകർഷകർക്ക് ഈ മേഖലയിൽ മികച്ച രീതിയിലുള്ള ഇടപെടൽ നടത്താൻ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്ഷീരമേഖലയിലെ വികസനത്തിന് വിവരസാങ്കേതിക മേഖലയേയും വിദ്യാഭ്യാസ രം​ഗത്തെ ​ഗവേഷണങ്ങളും പ്രയോജനപ്പെടുത്തുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ഡെയറി വൈറ്റ്‌നർ വിപണനോദ്ഘാടനം മന്ത്രി കെ.എൻ.ബാലഗോപാൽ നിർവഹിച്ചു. പദ്ധതിക്കു തുടക്കമിട്ട കാലത്തെ മന്ത്രിയായിരുന്ന കെ.രാജുവിനെ ചടങ്ങിൽ ആദരിച്ചു. ക്ഷീരകർഷകരുടെ മക്കൾക്കുള്ള ലാപ്‌ടോപ്പുകളുടെ വിതരണം ഇ.ടി.മുഹമ്മദ് ബഷീർ എംപി നിർവഹിച്ചു. . മലബാറിലെ മികച്ച യുവ ക്ഷീരകർഷകനു മഞ്ഞളാംകുഴി അലി എംഎൽഎയും ക്ഷീര കർഷകയ്‌ക്കു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.റഫീഖയും അവാർഡ് സമ്മാനിച്ചു. ലുലു​ഗ്രൂപ്പ് ഇന്ത്യ സി.ഇ.ഒ ആൻഡ് ഡയറക്ടർ എം.എ നിഷാദ് , ലുലു റീജണൽ ഡയറക്ടർ സാദിഖ് ഖാസിം എന്നിവരും ലുലു ​ഗ്രൂപ്പിനെ പ്രതിനിധീകരിച്ചു ചടങ്ങിൽ പങ്കെടുത്തു.

admin:
Related Post