സർക്കാരിനെ വിമർശിച്ച് ഇ.ശ്രീധരൻ

കൊച്ചി: തിരുവനന്തപുരം, കോഴിക്കോട്  ലൈറ്റ് മെട്രോ പദ്ധതികളിലെ പ്രതിസന്ധിയിൽ സർക്കാരിനെതിരേ വിമർശനവുമായി ഡിഎംആർസി മുഖ്യഉപദേഷ്ടാവ് ഇ.ശ്രീധരൻ. ഡിഎംആർസി വലിയ ദുഃഖത്തോടെയാണ് പദ്ധതിയിൽ നിന്ന് പിന്മാറുന്നതെന്നും  സർക്കാരിന്‍റെ അനാസ്ഥയാണ് പിന്മാറാൻ കാരണം എന്നും കൊച്ചിയിൽ വിളിച്ച വാർത്താ സമ്മേളനത്തിൽ  ശ്രീധരൻ പറഞ്ഞു.

പദ്ധതിയുമായി ബന്ധപ്പെട്ട് ഡിഎംആർസിയുടെ ഭാഗത്ത് ഒരു വീഴ്ചയും ഉണ്ടായിട്ടില്ല. പ്രാഥമിക ജോലികൾ ഉടൻ തുടങ്ങാമെന്ന ഉറപ്പിലാണ് 15 മാസം മുൻപ് ഡിഎംആർസി ലൈറ്റ് മെട്രോയ്ക്കായി രണ്ടു ഓഫീസുകൾ കേരളത്തിൽ തുറന്നത്. മാസം 15 ലക്ഷത്തോളം മുടക്കിയാണ് ഓഫീസുകൾ പ്രവർത്തിച്ചിരുന്നത്. എന്നാൽ 15 മാസം കഴിഞ്ഞിട്ടും കരാർ ഒപ്പിടാൻ സർക്കാർ തയാറായില്ല. പദ്ധതിയുമായി ബന്ധപ്പെട്ട് പതിനഞ്ചോളം യോഗങ്ങളും ചേർന്നിരുന്നു. എന്നാൽ അന്തിമ കരാർ എന്ന നിലയിലേക്ക് സർക്കാർ എത്തിയില്ല. ഏറ്റവും ഒടുവിൽ മുഖ്യമന്ത്രിയെ കാണാൻ സമയം ചോദിച്ചെങ്കിലും അനുവദിച്ചില്ല. പിന്നെ, പിന്മാറുകയല്ലാതെ മറ്റ് മാർഗമില്ലെന്നും പദ്ധതിയിൽ ഇനി ഡിഎംആർസി ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.

തനിക്കെതിരേ പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ നടത്തിയ വിമർശനങ്ങളോട് പ്രതികരിക്കാൻ താത്പര്യമില്ല. ഇ.ശ്രീധരൻ എന്ന വ്യക്തിയുള്ളത് കൊണ്ടാണ് കേരളത്തിലെ ജോലികൾ ഡിഎംആർസി ഏറ്റെടുത്തതെന്നും,  മാർച്ച് പകുതിയോടെ ഡിഎംആർസിയുടെ കേരളത്തിലെ ഓഫീസുകൾ പൂട്ടുമെന്നും ഇ.ശ്രീധരൻ വ്യക്തമാക്കി.

admin:
Related Post