കവരത്തി: ലക്ഷദ്വീപില്‍ നാളെ ജനകീയ നിരാഹാര സമരം. വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിടാനും തീരുമാനമായി. മെഡിക്കല്‍ ഷോപ്പുകള്‍ ഒഴികെയുള്ള കടകള്‍ അടച്ചിടും. പണിമുടക്കിനും സേവ് ലക്ഷദ്വീപ് ഫോറം ആഹ്വാനം ചെയ്തു. അതേസമയം, നിരാഹാര സമരത്തിന്റെ പശ്ചാത്തലത്തില്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രമേഹം പോലുള്ള രോഗങ്ങളുള്ളവര്‍ക്ക് അടിയന്തര ചികിത്സ വേണ്ടി വന്നാല്‍ സംവിധാനമൊരുക്കണമെന്നാണ് നിര്‍ദ്ദേശം. മുന്‍കരുതലുണ്ടാകണമെന്ന് ഓരോ ദ്വീപിലെയും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കി.
അഡ്മിനിസ്‌ട്രേറ്ററുടെ ഭരണപരിഷ്‌ക്കാരങ്ങളില്‍ പ്രതിഷേധിച്ച് ലക്ഷദ്വീപില്‍ നാളെ ജനകീയ നിരാഹാര സമരം. സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ നേതൃത്വത്തിലാണ് 12 മണിക്കൂര്‍ നിരാഹാരം. മുഴുവന്‍ ജനങ്ങളെയും സമരത്തില്‍ പങ്കെടുപ്പിക്കുന്നതിനായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ എല്ലാ ദ്വീപുകളിലും കമ്മിറ്റികള്‍ രൂപീകരിച്ചു. ദ്വീപിലെ ബിജെപി നേതൃത്വത്തിന്റെ പിന്തുണയും സമരത്തിനുണ്ട്.
അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ കടുത്ത പ്രതിഷേധങ്ങളിലേക്ക് കടക്കുമെന്ന് സേവ് ലക്ഷദ്വീപ് ഫോറം കണ്‍വീനര്‍ യുസികെ തങ്ങള്‍ അറിയിച്ചു. സംഘടിത പ്രതിഷേധം മുന്നില്‍ കണ്ട് ലക്ഷദ്വീപില്‍ കനത്ത സുരക്ഷയാണ് ഒരുക്കുന്നത്. ദ്വീപിലേക്ക് പുറത്ത് നിന്ന് ആളുകളെത്തുന്നതിന് മത്സ്യബന്ധന ബോട്ടുകളിലടക്കം നിരീക്ഷണം ശക്തമാക്കി. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ആളുകള്‍ കൂട്ടം കൂടിയാല്‍ ഉടന്‍ കസ്റ്റഡിയിലെടുക്കാനാണ് നിര്‍ദേശം.
English Summary :Mass hunger strike in Lakshadweep tomorrow; Businesses will be closed