32 വർഷമായി കിടപ്പിലായ ഇക്ബാലിന്റെ ദുരിത വാർത്ത എം.എ യൂസഫലി കണ്ടു; ധനസഹായം കൈമാറിയത് ശരവേ​ഗത്തിൽ

ആലപ്പുഴ ∙ വാഹനാപകടത്തിൽ നട്ടെല്ലിനേറ്റ പരുക്കുമൂലം 32 വർഷമായി ദുരിതജീവിതം നയിക്കുന്ന ഇക്ബാലി (59) ന് സഹായഹസ്തമേകി ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ ഇടപെടൽ. ആലപ്പുഴ ചാത്തനാട് താണുപറമ്പിൽ മുഹമ്മദ് ഇഖ്ബാലിന്റെ ദുരിത ജീവിതത്തിന്റെ വാർത്ത ശ്രദ്ധയിൽപ്പെട്ടതോടെയാണ് യൂസഫലിയുടെ സഹായം ഉടൻ തന്നെ എത്തിയത്. കഴിഞ്ഞ ദിവസം ഇക്ബാലിന്റെ വീട്ടിലെത്തി ലുലു ഇന്ത്യ മീഡിയ ഹെഡ് എൻ.ബി സ്വരാജ് അഞ്ച് ലക്ഷം രൂപയുടെ ഡി.ഡി കൈമാറി.

ആലപ്പുഴ ചാത്തനാട് താണുപറമ്പിൽ മുഹമ്മദ് ഇഖ്ബാലിന് 1992 ഫെബ്രുവരി 21 നുണ്ടായ വാഹനാപകടത്തിലാണ് നട്ടെല്ലിനു ഗുരുതര പരുക്കേറ്റത്. പിന്നാലെ അരയ്ക്കു താഴേക്കു തളരുകയും ചെയ്തു. ഇരിക്കാനോ മലർന്നു കിടക്കാനോ കഴിയില്ലാത്തതിനാൽ 32 വർഷമായി കമിഴ്ന്നുകിടന്നാണു ജീവിതം. ചികിത്സയ്ക്കായി ഒരുപാട് വാതിലുകൾ മുട്ടിയെങ്കിലും ജീവിതം ദുരിതത്തിലും ബുദ്ധിമുട്ടിലൂടെയുമാണ് കടന്ന് പോയത്. യൂസഫലിയുടെ സഹായത്തിന് ജീവിതം മുഴുവൻ കടപ്പെട്ടിരിക്കുമെന്നാണ് നിറകണ്ണുകളോടെ ഇക്ബാലിന്റെ മറുപടി.

admin:
Related Post