തീവ്രബാധിതമേഖലകളില്‍ ലോക്ക്ഡൗണ്‍ നീട്ടും

ന്യൂഡല്‍ഹി: രാജ്യത്ത് തീവ്രബാധിത മേഖലകളിലും പകര്‍ച്ചാസാദ്ധ്യതയുള്ള പ്രദേശങ്ങളിലും ലോക്ക് ഡൗണ്‍ തുടരുമെന്ന് മുഖ്യമന്ത്രിമാരുമായുള്ള വീഡിയോ കോണ്‍ഫറന്‍സില്‍ സൂചന നല്‍കി പ്രധാനമന്ത്രി. രാജ്യമൊട്ടാകെ യുള്ള ലോക്ക്ഡൗണ്‍ മാറ്റി ഹോട്ട്‌സ്‌പോട്ടുകള്‍ ഒഴികെയുള്ള ഇടങ്ങളില്‍ ഘട്ടം ഘട്ടമായി ഇളവുകള്‍ നല്‍കാനാണ് കേന്ദ്രനീക്കമെന്നാണ് വിവരം. രാജ്യത്തെ വിവിധ മേഖലകളായി തിരിച്ചാകും ലോക്ക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ പ്രഖ്യാപിക്കുക. രോഗവ്യാപനം തടയാനുള്ള കര്‍ശനമായ നടപടികളുമുണ്ടാകും.

കേരളത്തെ പ്രതിനിധീകരിച്ച് ചീഫ് സെക്രട്ടറി ടോം ജോസാണ് പങ്കെടുത്തത്. യോഗത്തിന് മുന്നോടിയായി അമിത് ഷാ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവരെ വിളിച്ച് സംസാരിച്ചിരുന്നു. ലോക്ക്ഡൗണ്‍ ഒറ്റയടിക്ക് പിന്‍വലിക്കരുതെന്നാണ് കേരളത്തിന്റെ നിലപാട്.

രാജ്യമൊട്ടാകെ ലോക്ക് ഡൗണ്‍ തുടരണമെന്ന നിലപാട് ഏഴ് സംസ്ഥാനങ്ങള്‍ സ്വീകരിച്ചെങ്കിലും ആ നിര്‍ദ്ദേശം നിലവില്‍ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ ഗുരുതരമായി ബാധിക്കുമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വിലയിരുത്തല്‍. എന്നാല്‍ സാമ്പത്തിക സ്ഥിതിയില്‍ ആശങ്ക വേണ്ട എന്ന്്  യോഗത്തില്‍ പ്രധാനമന്ത്രി വ്യക്തമാക്കി. കോവിഡ് പ്രതിരോധത്തില്‍ ആശുപത്രികളുടെ പ്രവര്‍ത്തനം തടസപ്പെടരുതെന്നും വെന്റിലേറ്ററുകളുടെ എണ്ണം കൂട്ടണമെന്നും ഇതിനായി കേന്ദ്രവും സംസ്ഥാനങ്ങളും ഒന്നിച്ച് പ്രവര്‍ത്തിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ലോക്ക് ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ച് മേയ് മൂന്നിന് പ്രഖ്യാപനമുണ്ടാകുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
ജൂണ്‍-ജൂലൈ മാസങ്ങളില്‍ രാജ്യത്ത് കോവിഡ് കേസുകള്‍ കൂടാന്‍ സാദ്ധ്യതയുണ്ട്്. പ്രവാസികളുടെ തിരിച്ചുവരവ് കുടുംബത്തെ അപകടത്തിലാക്കിക്കൊണ്ടാകരുത്. ധൃതിപിടിച്ചുള്ള നടപടി പ്രവാസികള്‍ക്കുതന്നെ വിനയാകും. ഇപ്പോള്‍ തിരിച്ചെത്തിക്കേണ്ടെന്ന നിലപാടിനുകാരണം ഇതാണ്.

മുഖാവരണവും മാസ്‌കുകളും ജീവിതത്തിന്റെ പ്രധാനപ്പെട്ട ഭാഗങ്ങളായി മാറണമെന്നും പ്രധാനമന്ത്രി പറഞ്ഞു. കോവിഡ് മഹാമാരി റിപ്പോര്‍ട്ട് ചെയ്്തശേഷം മുഖ്യമന്ത്രിമാരുമായി മോദി നടത്തുന്ന മൂന്നാമത്തെ യോഗമാണിത്.

admin:
Related Post