ഇസ്‌ലാമാബാദ്: ചാരപ്രവർത്തനം ആരോപിച്ച് പാക്കിസ്ഥാൻ പട്ടാളക്കോടതി വധശിക്ഷയ്ക്കു വിധിച്ച ഇന്ത്യൻ നാവികസേന മുൻ ഉദ്യോഗസ്ഥൻ കുൽഭൂഷണ്‍ ജാദവിനെ ഇന്ന് കുടുംബം സന്ദർശിച്ചു . ഇന്ത്യൻ ഡെപ്യൂട്ടി ഹൈക്കമ്മീഷണർ ജെ.പി. സിംഗിന്‍റെയും ഇന്ത്യൻ വിദേശമന്ത്രാലയത്തിന്‍റെ മൂന്ന് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ അമ്മയും ഭാര്യയും കുൽഭൂഷണുമായി ഒരു മണിക്കൂറോളം കൂടിക്കാഴ്ച നടത്തി. ഇസ്ലാമാബാദിലെ പാക് വിദേശകാര്യ മന്ത്രാലയത്തിലായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ച ചിത്രീകരിക്കാൻ പാക് മാധ്യമങ്ങൾക്ക് അനുമതി നൽകിയിരുന്നു.
കുൽഭൂഷണ്‍ ജാദവും കുടുംബവുമായുള്ള കൂടിക്കാഴ്ചയ്ക്ക് അവസരം നൽകുന്ന കാര്യത്തിൽ വാക്ക് പാലിച്ചതായും മനുഷ്യത്വത്തിന്‍റെ പേരിലാണ് കൂടിക്കാഴ്ച അനുവദിച്ചതെന്നും പാക് വിദേശകാര്യ വക്താവ് മുഹമ്മദ് ഫൈസൽ അറിയിച്ചു. കുൽഭൂഷണിന്‍റെ അമ്മയും ഭാര്യയും ഇന്നുതന്നെ ഇന്ത്യയിലേക്ക് മടങ്ങുമെനന്ന് പാക് വിദേശകാര്യമന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചു.