ഓഡര്‍ ചെയ്തത് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ; കിട്ടിയത് ഭഗവത് ഗീത

കൊല്‍ക്കത്ത: ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റായ ആമസോണില്‍ ഓഡര്‍ ചെയ്തത് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ. എന്നാല്‍ ലഭിച്ചതാകട്ടെ ഭഗവത് ഗീതയുടെ സംക്ഷിപ്ത രൂപവും. കൊല്‍ക്കത്ത സ്വദേശിയായ സുദീര്‍ത്ഥ ദാസിനാണ് ഭഗവത് ഗീത ലഭിച്ചത്.

ബുധനാഴ്ചയാണ് ആമസോണില്‍ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ സുദീര്‍ത്ഥ ദാസ് ഓര്‍ഡര്‍ ചെയ്തത്. ബുക്കിംഗ് സ്ഥിരീകരിച്ചുകൊണ്ടുള്ള മെസേജും ഒപ്പം ബുക്ക് എന്ന് ലഭിക്കുമെന്നുള്ള അറിയിപ്പും ലഭിച്ചു.

എന്നാല്‍ ശനിയാഴ്ച വൈകിട്ട് 11 ഓടെ ഒരു സ്ത്രീ വിളിക്കുകയും തെറ്റായ പുസ്തകമാണ് അയച്ചതെന്നും പാക്കേജ് നിരസിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ ഓഫീസിലായിരുന്നതിനാല്‍ പാക്കേജ് റദ്ദാക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല.

തുടര്‍ന്ന് വീട്ടിലെത്തി പാഴ്സല്‍ തുറന്നപ്പോഴാണ് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയ്ക്ക് പകരം ഭഗവത് ഗീതയാണ് ലഭിച്ചതെന്ന് കണ്ടത്. പെന്‍ഗ്വിന്‍ പ്രസിദ്ധീകരിച്ച പുസ്തകം ഭഗവത് ഗീതയുടെ സംക്ഷിപ്ത രൂപമായിരുന്നു.

ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സുദീര്‍ത്ഥ ദാസ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഓഡറുകളില്‍ പിശകുകള്‍ വരുന്നത് അപൂര്‍വമല്ലെങ്കിലും കമ്യൂണിസ്റ്റ് ഫെസ്റ്റോയ്ക്ക് പകരം ഭഗവത് ഗീത ലഭിച്ചതാണ് ശ്രദ്ധേയമായത്.

English Summary ; Kolkata man orders Communist Manifesto. Amazon delivers Bhagavad Gita

admin:
Related Post