കെവിനെ തട്ടിക്കൊണ്ടുപോയ വിവരം ഗാന്ധിനഗർ എസ്ഐ എം.എസ്. ഷിബു മറച്ചുവച്ചത് 14 മണിക്കൂറുകളെന്ന് ഐജിയുടെ റിപ്പോർട്ടിൽ പറയുന്നു. മേയ് 27 ഞായറാഴ്ച രാവിലെ ആറിനു വിവരം അറിഞ്ഞിട്ടും രാത്രി എട്ടിനു മാത്രമാണ് അന്വേഷണം തുടങ്ങിയത്. സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ വിഷയത്തെ കുടുംബപ്രശ്നമായി ഒഴിവാക്കിയെന്നും, മുഖ്യമന്ത്രി, ഐജി, എസ്പി എന്നിവരുടെ നിർദേശം അവഗണിക്കുകയും ചെയ്തു എന്നും ഐജിയുടെ റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് ഐജി ഇന്നു ഡിജിപിക്കു കൈമാറും.
അതേസമയം, നിയമസഭാ സമ്മേളനം ആരംഭിച്ച ആദ്യ ദിനം തന്നെ ആഭ്യന്തരവകുപ്പിന്റെ പരാജയം ചൂണ്ടിക്കാട്ടി പ്രതിപക്ഷം രംഗത്തെത്തി. പ്രതിപക്ഷത്തുനിന്ന് മുൻ ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ കെവിന്‍ കൊലക്കേസിൽ അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകി. നോട്ടീസിന് മറുപടിയായി കെവിന്റെ മരണത്തിൽ കുറ്റക്കാർക്കെതിരെ നടപടി എടുക്കുമെന്ന് ആഭ്യന്തര വകുപ്പ് ചുമതലയുള്ള മുഖ്യമന്ത്രി ഉറപ്പ് നൽകി.