കെഎസ്ആര്‍ടിസിയും ആനവണ്ടിയും കേരളത്തിന് സ്വന്തം

ചെന്നൈ: കെ.എസ്.ആര്‍.ടി.സി എന്ന പേരിനെ ചൊല്ലി കര്‍ണാടക ആര്‍ടിസിയുമായുള്ള തര്‍ക്കത്തില്‍ കേരള ആര്‍ടിസിക്ക് വിജയം. കെ.എസ്.ആര്‍.ടി.സി എന്ന പേര് കേരളം മാത്രമേ  ഉപയോഗിക്കാവൂവെന്ന് ട്രേഡ് മാര്‍ക്ക് രജിസ്ട്രാര്‍ ഉത്തരവിട്ടു. ആനവണ്ടി എന്ന പേരും കെഎസ്ആര്‍ടിസിക്ക് മാത്രമായിരിക്കും സ്വന്തം.
കര്‍ണാടകത്തിലേയും കേരളത്തിലേയും റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനുകള്‍ കെ.എസ്.ആര്‍.ടി.സി എന്ന പേരാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ഇത്  കര്‍ണ്ണാടകയുടേതാണെന്നും കേരള ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ഈ പേര് ഉപയോഗിക്കരുതെന്നും കാട്ടി 2014 ല്‍ കര്‍ണാടക  നോട്ടീസ് അയക്കുകയായിരുന്നു.

തുടര്‍ന്ന് അന്നത്തെ കെഎസ്ആര്‍ടിസി സിഎംഡിയായിരുന്ന അന്തരിച്ച ആന്റണി ചാക്കോ കേന്ദ്ര സര്‍ക്കാരിന് കീഴിലെ രജിസ്ട്രാര്‍  ഓഫ് ട്രേഡ്മാര്‍ക്കില്‍  കേരളത്തിന് വേണ്ടി അപേക്ഷിച്ചു. അതിനെ തുടര്‍ന്ന് വര്‍ഷങ്ങളായി നിയമപോരാട്ടം നടക്കുകയായിരുന്നു. കെഎസ്ആര്‍ടിസി എന്ന പേര് ആദ്യം ഉപയോഗിച്ചത് കേരളമാണെന്ന് രജിസ്ട്രാറെ ബോധ്യപ്പെടുത്താന്‍ സാധിച്ചതോടെ ഈ പേര് കേരളത്തിന് സ്വന്തമാക്കുകയായിരുന്നു. ട്രേഡ് മാര്‍ക്ക്‌സ് ആക്ട് 1999 പ്രകാരം കെഎസ്ആര്‍ടിസി എന്ന ചുരുക്കെഴുത്തും,എംബ്ലവും, ആനവണ്ടി എന്ന പേരും കേരള റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന് അനുവദിച്ച് ട്രേഡ് മാര്‍ക്ക് ഓഫ് രജിസ്ട്രി ഉത്തരവിറക്കുകയായിരുന്നു.

കെ എസ് ആര്‍ ടി സി എന്ന് ഇനി മുതല്‍ കേരളത്തിന് മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ.  ഇക്കാര്യം ചൂണ്ടിക്കാട്ടി കര്‍ണ്ണാടകത്തിന് ഉടന്‍ തന്നെ നോട്ടീസ് അയക്കുമെന്ന് കെഎസ്ആര്‍ടിസി എംഡിയും ഗതാഗത സെക്രട്ടറിയുമായ ബിജു പ്രഭാകര്‍ അറിയിച്ചു. ‘ആനവണ്ടി ‘എന്ന പേരും പലരും പലകാര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നുണ്ട് അവര്‍ക്കെതിരെയും നിയമ നടപടി സ്വീകരിക്കുമെന്നും ബിജു പ്രഭാകര്‍ ഐഎഎസ് പറഞ്ഞു.

English Summary :Kerala owns KSRTC and Anavandi

admin:
Related Post