കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് തിരിതെളിഞ്ഞു

ഇരുപത്തി അഞ്ചാമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് തിരിതെളിഞ്ഞു. മേളയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ നിർവഹിച്ചു. അന്താരാഷ്ട്രതലത്തിൽ കേരളത്തിന്റെ യശസ്സ് ഉയർത്തുന്നതിൽ ഐ.എഫ്.എഫ്.കെ നിർണ്ണായക പങ്കാണ് വഹിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചലച്ചിത്ര സാംസ്‌കരിക മേഖലകളിൽ കേരളം നൽകുന്ന പ്രാധാന്യം ലോകത്തെ അറിയിക്കാൻ ഐ.എഫ്.എഫ്.കെയ്ക്കായി. വിട്ടുവീഴ്ചയില്ലാത്ത രാഷ്ട്രീയ നിലപാടുകളിലൂടെയാണ് ഐ.എഫ്.എഫ്.കെ ലോകത്തിന്റെ സാംസ്‌കാരിക രാഷ്ട്രീയ ഭൂപടത്തിൽ ഇടം നേടിയത്. അടിച്ചമർത്തപ്പെടുന്നവർക്കും മർദ്ദിതർക്കുമൊപ്പമാണ് മേള എന്നും നിലകൊണ്ടതെന്നും അദ്ദേഹം പറഞ്ഞു.  
ഐ.എഫ്.എഫ്.കെയുടെ സ്ഥിരം വേദി തിരുവനന്തപുരം തന്നെയായിരുക്കുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച സാംസ്‌കാരിക മന്ത്രി എ.കെ ബാലൻ പറഞ്ഞു. ലൈഫ് ടൈം അച്ചീവ്‌മെന്റ്  പുരസ്‌കാരം വിഖ്യാത ഫ്രഞ്ച് സംവിധായകൻ ഴാങ്് ലൂക്ക് ഗൊദാർദിന് വേണ്ടി സംവിധായാകൻ അടൂർ ഗോപാലകൃഷ്ണൻ മന്ത്രിയിൽ നിന്നും ഏറ്റുവാങ്ങി. നല്ല സിനിമകളുടെ വിതരണം കൂടുതൽ നല്ല സിനിമകളുടെ നിർമ്മാണത്തിന് വഴിതുറക്കുമെന്ന് ഓൺലൈനായി ചടങ്ങിൽ പങ്കെടുത്ത  ഗൊദാർദ് അഭിപ്രായപ്പെട്ടു.

ഗൊദാർദിന്റെ ചലച്ചിത്ര ജീവിതത്തെ സംബന്ധിച്ച പുസ്തകത്തിന്റെ പ്രകാശനം മേയർ ആര്യാ രാജേന്ദ്രൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാറിന് നൽകി നിർവഹിച്ചു. മേളയുടെ കൈപ്പുസ്തകത്തിന്റെ പ്രകാശനം വി.കെ പ്രശാന്ത് എം.എൽ.എ സംവിധായകൻ ടി. കെ രാജീവ് കുമാറിന് നൽകി നിർവഹിച്ചു. മേളയുടെ ഡെയ്‌ലി ബുള്ളറ്റിന്റെ പ്രകാശനം കെ.ടി.ഡി.സി ചെയർമാൻ എം. വിജയകുമാർ സംവിധായകൻ സിബിമലയിലിന് നൽകി നിർവഹിച്ചു. ചലച്ചിത്ര സമീക്ഷയുടെ പ്രത്യേക പതിപ്പിന്റെ പ്രകാശനം എം. മുകേഷ് എം.എൽ.എ സംവിധായകൻ ടി. വി ചന്ദ്രന് നൽകി നിർവഹിച്ചു.

ചടങ്ങിൽ സാംസ്‌കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്ജ്, ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ, വൈസ് ചെയർപേഴ്‌സൺ ബീനാപോൾ, സെക്രട്ടറി സി. അജോയി എന്നിവർ പങ്കെടുത്തു.  

English Summary : Kerala International Film Festival 2021 kicks off

admin:
Related Post