മഹാപ്രളയത്തെ മുൻകൂട്ടി കണ്ട ഗൃഹനാഥൻ


മഹാപ്രളയത്തെ മനസ്സിൽക്കണ്ട് വീടൊഴിഞ്ഞു പോയ ഒരാളെ ഇന്ന് കണ്ടു. ദുരിതം വിതച്ച ജലത്തിന്റെ സഞ്ചാരവഴി കാണാൻ പോയതായിരുന്നു ഞാൻ.

ആലുവ – പറവൂർ റോഡിൽ പറവൂർ ജംഗ്ഷനടുത്ത് താമസിക്കുന്ന പി.പി.അഗസ്റ്റിൻ. വെള്ളം വീടിന്റെ ചവിട്ടുപടിയിൽ എത്തിയപ്പോഴേ അഗസ്റ്റിൻ സാധനങ്ങളൊക്കെ കെട്ടി വച്ച് വൈറ്റിലയിലെ സുഹൃത്ത് മുഖേന ഒരു വാടകവീട് ഏർപ്പാടാക്കി. പിന്നെ, ഒരു മിനിലോറി വിളിച്ച് ഭാര്യയെയും കുട്ടികളെയും കൂട്ടി സ്ഥലം വിട്ടു. അതുകൊണ്ട്, എല്ലാവർക്കും എല്ലാം നഷ്ടപ്പെട്ടപ്പോഴും ഒരു കടലാസു പോലും പോകാതെ കിട്ടി അഗസ്റ്റിന്. വീടിന് കേടുപാടുകളുണ്ട്. മുൻവശത്തെ മതിൽ മുഴുവൻ നിലംപരിശായി. പോകും മുമ്പ് അടുത്തുള്ള കടയുടമകളോടും മറ്റും വെള്ളം പൊങ്ങുമെന്ന് മുന്നറിയിപ്പും നൽകി. പക്ഷെ, ആരും അതത്ര ഗൗരവമായെടുത്തില്ലത്രെ.

എങ്ങിനെയാണ് ഈ വെള്ളപ്പൊക്കം മുൻകൂട്ടി കാണാനായത് എന്ന് ചോദിച്ചാൽ അന്നത്തെ അതേ ഭീതിയോടെ അഗസ്റ്റിൻ പറയും, ഒരു വെള്ളപ്പൊക്കത്തിൽ സമ്പാദ്യങ്ങളെല്ലാമൊലിച്ചു പോയ തന്റെ ജീവിതകഥ. 2003 ലെ ഗുജറാത്ത് വെള്ളപ്പൊക്കമാണ് അഗസ്റ്റിനെ ഈ ജലപാഠം പഠിപ്പിച്ചത്. അന്ന് നർമ്മദയിലെ സർദാർ സരോവർ ഡാം തുറന്നപ്പോഴുണ്ടായ പ്രളയം 300 കിലോമീറ്ററകലെയുള്ള വെരാവൽ നഗരത്തെപ്പോലും മുക്കിക്കളഞ്ഞു. വെരാവലിൽ സീ ഫുഡ് കയറ്റുമതി കമ്പനിയിലായിരുന്നു അഗസ്റ്റിന് ജോലി. കൊച്ചി പോലെത്തന്നെ ഒരു കടൽത്തീര നഗരമാണ് വെരാവലും. ഒരു വ്യത്യാസമേയുള്ളൂ. കടൽനിരപ്പിലും താഴെയാണത്.

വെരാവലിനെ കടലുമായി വേർതിരിക്കുന്നത് വൻമലകളാണ്. അതിനാൽ ഒഴുകിയെത്തുന്ന പുഴവെള്ളം കടലെടുക്കാൻ വൈകും.

പ്രളയ ശേഷം സ്വന്തം വീട് കാണാനെത്തിയതാണ് അഗസ്റ്റിൻ ഇന്ന്. വീടിന്റെ സൺ ഷെയ്ഡ് വരെ വെള്ളം വന്ന നിറവ്യത്യാസം കാണാം. ഒരായുഷ്ക്കാലത്ത് മനുഷ്യൻ ഒരിക്കലും കാണരുതാത്ത ജലരേഖ !

നാട്ടിലെത്തി പറവൂരിൽ സ്വന്തം സീഫുഡ് കയറ്റുമതി സ്ഥാപനം തുടങ്ങിയിരിക്കുകയാണിപ്പോൾ. സാനിട്ടറി നാപ്കിനുകളുടെ ഒരു നിർമ്മാണ യൂണിറ്റും ഉടൻ തുടങ്ങുകയാണ്. വ്യാപാരാടിസ്ഥാനത്തിൽ ഉത്പാദനമായിട്ടില്ലെങ്കിലും അതിൽ നിന്നുള്ള നാപ്കിനുകൾ ദുരിതാശ്വാസ ക്യാമ്പുകളിലേക്കെത്തിക്കുന്നുണ്ട് ഈ മനുഷ്യസ്നേഹി.

പ്രളയശേഷം ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നും പരസ്പരം സഹായിച്ചുമുള്ള മലയാളിയുടെ ജീവിതാവസ്ഥയെക്കുറിച്ചും ഏറെ വാചാലനായി അഗസ്റ്റിൻ. ഈ ഒത്തൊരുമയും ക്യാമ്പുമൊന്നും ഗുജറാത്തിലില്ല. വെള്ളം കേറിയാൽ പിന്നെ അവിടെ ജീവിതമേയില്ല. ആരും ആരെയും ഇങ്ങനെ ചേർത്തു പിടിക്കാനില്ല.

ആകാംക്ഷ നിലയ്ക്കാത്തതിനാൽ പിരിയുമ്പോൾ ഒരിക്കൽക്കൂടി ചോദിച്ചു.

”എപ്പോഴാണ് ആ ഉള്ളറിവുണ്ടായത്?”

നിലയെത്താ വെള്ളം അമ്മാനമാടി സ്വന്തം പറമ്പിലേയ്ക്ക് എറിഞ്ഞിട്ട ആരുടേയോ കാറിലേയ്ക്ക് നോക്കി, ഒന്നു നിശ്വസിച്ച് അഗസ്റ്റിൻ പറഞ്ഞു.

”അവസാനത്തെ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സാറിന്റെ മുഖത്ത് ടെൻഷനുണ്ടായിരുന്നു.”

ഭരണാധികാരിയെ ഇത്ര സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഒരു പൗരൻ ജിവിതത്തിന്റെ മാത്രമല്ല, ജനാധിപത്യത്തിന്റെയും കാവലാൾ തന്നെ. By MAdan Babu K

admin:
Related Post