ന്യൂഡൽഹി: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ തീയതി തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മേയ് 12-നാണ് വോട്ടെടുപ്പ്. മേയ് 15ന് ഫലപ്രഖ്യാപനം നടക്കും. ഡൽഹിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ വാർത്താ സമ്മേളനത്തിലാണ് തീയതികൾ പ്രഖ്യാപിച്ചത്.
തീയതികൾ പ്രഖ്യാപിച്ചതോടെ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവിൽ വന്നതായി കമ്മീഷൻ അറിയിച്ചു. ഏപ്രിൽ 17ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും.കർണാടകയിൽ മുൻകാലത്തുണ്ടായ അനിഷ്ടസംഭവങ്ങൾ കണക്കിലെടുത്ത് തെരഞ്ഞെടുപ്പ് സുരക്ഷയ്ക്ക് കേന്ദ്ര സേനയെ നിയോഗിക്കുമെന്നും കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്. ഒരു സ്ഥാനാർഥിക്ക് പരമാവധി ചെലവഴിക്കാവുന്ന തുക 28 ലക്ഷം രൂപയാണ്.
ഏപ്രിൽ 24-നായിരിക്കും നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. 25ന് കമ്മീഷൻ സൂക്ഷ്മ പരിശോധന നടത്തും. ഏപ്രിൽ 27 വരെ പത്രികകൾ പിൻവലിക്കാൻ അവസരമുണ്ടാകുമെന്നും കമ്മീഷൻ അറിയിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ സംവിധാനങ്ങളും കർശന നിരീക്ഷണത്തിലാകുമെന്ന് കമ്മീഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രേഖകൾ കൈവശമില്ലാതെ കർണാടകയിൽ പണം സൂക്ഷിച്ചാൽ പിടിച്ചെടുക്കുമെന്നും രേഖകൾ ഹാജരാക്കിയാൽ വിട്ടുനൽകുമെന്നും കമ്മീഷൻ അറിയിച്ചിട്ടുണ്ട്.
225 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ 4.96 കോടി വോട്ടർമാരാണ് കർണാടകയിൽ വിധിയെഴുതാൻ കാത്തിരിക്കുന്നത്.