കോട്ടയം: സ്വന്തം ചരമ പരസ്യം ദിന പത്രങ്ങൾക്ക് പ്രസിദ്ധീകരണത്തിന് നൽകിയ ശേഷം ഒളിവില്‍പോയ മേലുക്കുന്നേൽ ജോസഫി(75)നെ കോട്ടയത്ത് കണ്ടെത്തി. പുലര്‍ച്ച തിരുനക്കര ക്ഷേത്രത്തിന് സമീപത്തെ ഐശ്വര്യ ലോഡ്ജില്‍ നിന്നാണ് കോട്ടയം വെസ്റ്റ് പോലീസ് ജോസഫിനെ കസ്റ്റഡിയിലെടുത്തത്.
കോട്ടയം കാർഷിക വികസന ബാങ്കിലെത്തി സ്വർണമാലയും പണവും ഭാര്യക്ക് അയച്ചുകൊടുക്കണമെന്ന് ജോസഫ് ആവശ്യപ്പെട്ടിരുന്നു. മേരിക്കുട്ടിയുടെ ഭർത്താവ് മേലുക്കുന്നേൽ ജോസഫ് ഹൃദയാഘാതം മൂലം മരിച്ചുവെന്നും അതിനാല്‍ സ്വർണമാലയും പണവും ജോസഫിന്‍റെ ഭാര്യയായ മേരിക്കുട്ടിയ്ക്ക് അയച്ചുകൊടുക്കണമെന്നും ജോസഫ് സെക്രട്ടറിയോടു പറഞ്ഞു. ബാങ്കിൽ അത്തരം സൗകര്യമില്ലെന്നു പറഞ്ഞ് സെക്രട്ടറി തിരിച്ചയയ്ക്കാൻ ശ്രമിച്ചുവെങ്കിലും അദ്ദേഹം പിൻമാറിയില്ല. ഒടുവിൽ തളിപ്പറമ്പ് മേൽവിലാസം കണ്ടപ്പോൾ സെക്രട്ടറി തളിപ്പറമ്പ് കാർഷിക വികസന ബാങ്ക് സെക്രട്ടറിയെ വിളിച്ച് വിവരം പറഞ്ഞു. തുടർന്നു ജോസഫ് തന്നെയാണു തന്റെ മുന്നിലിരിക്കുന്നതെന്ന് മനസിലാക്കിയ സെക്രട്ടറി വിവരം ചോദിച്ചയുടൻ ജോസഫ് അവിടെനിന്നു കടന്നുകളയുകയും ചെയ്തു.
ഇയാൾ കോട്ടയത്ത് ഉണ്ടെന്ന് വ്യക്തമായതോടെ തളിപ്പറമ്പ് ഡിവൈഎസ്പിയുടെ നിര്‍ദ്ദേശപ്രകാരം പോലീസ് നഗരത്തില്‍ തിങ്കളാഴ്ച വൈകുന്നേരം മുതല്‍ തെരച്ചില്‍ ആരംഭിച്ചിരുന്നു. തിരുനക്കര ക്ഷേത്രത്തിന് സമീപത്തെ ഐശ്വര്യ ഹോട്ടലില്‍ ജോസഫിന്‍റെ ഫോട്ടോ കാണിച്ചപ്പോള്‍ ഇവിടെ താമസിക്കുന്നുണ്ടെന്ന് ഹോട്ടല്‍ ജീവനക്കാര്‍ പറഞ്ഞതനുസരിച്ചാണ് പോലീസ് റൂമിലെത്തി അന്വേഷിച്ചത്. ചോദ്യം ചെയ്തപ്പോള്‍ ജോസഫ് ആണെന്ന് വ്യക്തമായി. ഇപ്പോള്‍ വെസ്റ്റ് പോലീസ് സ്റ്റേഷനില്‍ കഴിയുന്ന ജോസഫിനെ തളിപ്പറമ്പിലേക്ക് കൊണ്ടുവരുന്നതിനായി കോഴിച്ചാലിലെ മകള്‍ ഷീബ ജോസും മരുമകന് ജോസ് അഗസ്റ്റിനും മകന് ഷാജു ജോസഫും ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍ രാവിലെ കോട്ടയത്തേക്ക് തിരിച്ചിട്ടുണ്ട്.