ജോസഫ് വിഭാഗം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; ഏറ്റുമാനൂരില്‍ പ്രിന്‍സ്, തൃക്കരിപ്പൂരില്‍ മാണിയുടെ മരുമകന്‍

തിരുവനന്തപുരം:കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം മത്സരിക്കുന്ന പത്ത് സീറ്റിലെയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. തൊടുപുഴയില്‍ പി.ജെ ജോസഫ്, ഇടുക്കിയില്‍ ഫ്രാന്‍സിസ് ജോര്‍ജ്, ഏറ്റുമാനൂരില്‍ പ്രിന്‍സ് ലൂക്കോസ്, കടുത്തുരുത്തിയില്‍ മോന്‍സ് ജോസഫ്, ഇരിങ്ങാലക്കുടയില്‍ തോമസ് ഉണ്ണിയാടന്‍, കോതമംഗലത്ത് ഷിബു തെക്കുംപുറം, കുട്ടനാട്ടില്‍ ജേക്കബ് എബ്രഹാം. സി.എഫ് തോമസിന്റെ മണ്ഡലമായ ചങ്ങനാശേരിയില്‍ വി.ജെ. ലാലി, തിരുവല്ലയില്‍ കുഞ്ഞുകോശി പോള്‍, തൃക്കരിപ്പൂരില്‍ കെ.എം.മാണിയുടെ മരുമകന്‍ എം.പി. ജോസഫ്.

തിരുവല്ലയില്‍ ജോസഫ് എം പുതുശേരി, വിക്ടര്‍ ടി. തോമസ്, കുഞ്ഞുകോശി പോള്‍, വര്‍ഗീസ് മാമന്‍ തുടങ്ങിയവര്‍ പരിഗണനയില്‍ ഉണ്ടായിരുന്നുവെങ്കിലും കുഞ്ഞുകോശി പോളിന് നറുക്ക് വീണു. ജോസഫ് എം പുതുശേരിക്ക് സീറ്റ് ലഭിക്കുമെന്നു പ്രതീക്ഷിച്ചുവെങ്കിലും പട്ടികയില്‍ ഇടം പിടിച്ചില്ല. സാജന്‍ ഫ്രാന്‍സിസിനും സീറ്റ് ലഭിച്ചില്ല.
തൃക്കരിപ്പൂരില്‍ കാസര്‍കോട് ജില്ലാ പ്രസിഡന്റ് ജെറ്റോ ജോസഫിനെയാണ് ആദ്യം പരിഗണിച്ചത്. ജെറ്റോ മത്സരിക്കാനില്ലെന്ന് അറിയിച്ചതോടെ കെ.എം. മാണിയുടെ മരുമകന്‍ എം.പി. ജോസഫിലേയ്ക്ക് ചര്‍ച്ചകളെത്തി. മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനായ എം.പി. ജോസഫ് സ്ഥാനാര്‍ത്ഥിയാകാന്‍ സന്നദ്ധത അറിയിച്ചിരുന്നു.

ഔദ്യോഗിക പ്രഖ്യാപനത്തിന് പിന്നാലെ പാര്‍ട്ടിയില്‍ ചില പൊട്ടിത്തെറികളും നേതൃത്വം പ്രതീക്ഷിക്കുന്നുണ്ട്. യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പന് സീറ്റ് നല്‍കണമെന്ന ആവശ്യവുമായി ഒരു വിഭാഗം നേതൃത്വത്തെ സമീപിച്ചിരുന്നു.

English Summary : Joseph faction announces candidates; Prince in Ettumanoor and son-in-law of Mani in Thrikkarippur

admin:
Related Post