രാജ്യസഭ: ജോൺ ബ്രിട്ടാസ്, തോമസ് ഐസക്ക് എന്നിവർ സിപിഎമ്മിന്റെ സജീവ പരിഗണനയിൽ

രാജ്യസഭയിലേക്കുളള സ്ഥാനാർത്ഥികളെ സി പി എം മറ്റന്നാൾ തീരുമാനിക്കും. മൂന്ന് സീറ്റുകളാണ് കേരളത്തിൽ നിന്ന് ഇത്തവണ രാജ്യസഭയിലേക്ക് ഒഴിവുളളത്. നിലവിലെ നിയമസഭാ അംഗബലത്തിൽ രണ്ട് പേരെ എൽ ഡി എഫിനും ഒരാളെ യു ഡി എഫിനും വിജയിപ്പിക്കാം. കൊവിഡ് സാഹചര്യത്തിൽ വോട്ടെടുപ്പ് ഒഴിവാക്കുന്നതിനെ പറ്റി ഇരുമുന്നണികളും ആലോചിക്കുന്നുണ്ട്. രണ്ട് സ്ഥാനാർത്ഥികളെ മാത്രം നിർത്തി വോട്ടെടുപ്പ് ഒഴിവാക്കാനാണ് സി പി എമ്മിനുളളിൽ നിലവിലെ ധാരണ.

പാർട്ടി നേതാക്കൾക്ക് പുറമെയുളള പേരുകളും സി പി എം സജീവമായി പരിഗണിക്കുന്നുണ്ട്. പാർട്ടി ചാനലിന്റെ എം ഡിയും മുഖ്യമന്ത്രിയുടെ മാദ്ധ്യമ ഉപദേഷ്‌ടാവുമായിരുന്ന ജോൺ ബ്രിട്ടാസിന്റെ പേരാണ് ഇതിൽ പ്രധാനമായും പാർട്ടിയുടെ മുന്നിലുളളത്. പല തവണ ബ്രിട്ടാസിനെ രാജ്യസഭയിൽ എത്തിക്കാൻ സംസ്ഥാന നേതൃത്വം ആലോചിച്ചെങ്കിലും പാർട്ടി നേതാക്കൾ തന്നെ വേണമെന്ന കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശമാണ് തടസമായത്. ഇത്തവണയും കേന്ദ്ര നേതൃത്വം എടുക്കുന്ന നിലപാട് ബ്രിട്ടാസിന്റെ കാര്യത്തിൽ നിർണായകമാകും.
കർഷക സമരത്തിൽ ശ്രദ്ധേയമായ പ്രവർത്തനം നടത്തിയ കെ കെ രാഗേഷിന് വീണ്ടും അവസരം നൽകണമെന്ന് സി പി എമ്മിലെ ഒരു വിഭാഗത്തിന് താത്പര്യമുണ്ട്. സി പി എം സഹയാത്രികനായ ചെറിയാൻ ഫിലിപ്പ്, എസ് എഫ് ഐ മുൻ ദേശീയ ഭാരവാഹിയും സി പി എം സംസ്ഥാന സമിതി അംഗവുമായ ഡോ വി ശിവദാസൻ, കേന്ദ്ര കമ്മിറ്റിയംഗമായ വിജു കൃഷ്‌ണൻ എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്. ഇത്തവണ നിയമസഭയിലേക്ക് സീറ്റ് ലഭിക്കാതെ പോയ ധനമന്ത്രി തോമസ് ഐസക്കിനും രാജ്യസഭയിലേക്ക് നറുക്ക് വീഴാൻ സാദ്ധ്യതയുണ്ടെന്നാണ് പാർട്ടി വൃത്തങ്ങൾ പറയുന്നത്.

യു ഡി എഫിൽ പി വി അബ്‌ദുൾ വഹാബ് തന്നെയായിരിക്കും സ്ഥാനാർത്ഥി. അടുത്ത ചൊവാഴ്‌ച വരെയാണ് നാമനിർദ്ദേശ പത്രിക നൽകാനുളള സമയം. ഈ മാസം 30നാണ് തിരഞ്ഞെടുപ്പ്

English Summary : Rajya Sabha: John Brittas and Thomas Isaac under active consideration of the CPM

admin:
Related Post