ന്യൂഡൽഹി: നെഹ്റു കോളജ് വിദ്യാർഥി ജിഷ്ണു പ്രണോയി കേസ് അന്വേഷിക്കാൻ തയാറാണെന്ന് സിബിഐ സുപ്രീംകോടതിയെ അറിയിച്ചു. കേസ് ഏറ്റെടുക്കുമെന്ന് കേന്ദ്ര സർക്കാർ കൂടി വ്യക്തമാക്കിയതോടെയാണ് ഇന്ന് കേസ് പരിഗണനയ്ക്ക് വന്നപ്പോള്‍ സിബിഐ തങ്ങളുടെ നിലപാട് അറിയിച്ചത്.
സംസ്ഥാന സർക്കാർ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്ത് നൽകിയിട്ടുണ്ടെന്നും കേസിൽ സിബിഐ അന്വേഷണം വേണമെന്ന ഉറച്ച നിലപാടിലായിരുന്നു സർക്കാർ എന്നും കോടതിയെ അറിയിച്ചിരുന്നു.
സുപ്രീം കോടതിയുടെ തീരുമാനത്തെ ബഹുമാനിക്കുന്നുവെന്നും സിബിഐ അന്വേഷണത്തിന് അനുമതി ലഭിച്ചതിൽ സന്തോഷമുണ്ടെന്നും ജിഷ്ണുവിന്റെ അമ്മ മഹിജയും അച്ഛൻ അശോകനും പ്രതികരിച്ചു.
അതേസമയം കേസ് ഏറ്റെടുക്കുന്നതിൽ ഇത്രയും കാലതാമസം വരുത്തിയത് കേസിലെ പ്രധാന തെളിവുകൾ ഇല്ലാതാക്കില്ലേ എന്ന് ചോദിച്ച കോടതി സിബിഐക്കെതിരേ രൂക്ഷ വിമർശനം ഉന്നയിച്ചു.