കൊച്ചി: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജൻ കതിരൂർ മനോജ് വധക്കേസിൽ യുഎപിഎ ചുമത്തിയതിനെതിരേ ഹൈക്കോടതിയിൽ അപ്പീൽ നൽകി. മനോജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പി. ജയരാജൻ ഉൾപ്പെടെ ആറു പേർക്കെതിരേ യുഎപിഎ അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചിരുന്നത്.
സംസ്ഥാന സർക്കാരിന്‍റെ അനുമതിയില്ലാതെയാണ് സിബിഐ യുഎപിഎ ചുമത്തിയതെന്ന് ആരോപിച്ച് ജയരാജൻ നൽകിയ അപ്പീൽ ഹൈക്കോടതി സിംഗിൾ ബെഞ്ച് നേരത്തേ തള്ളിയിരുന്നു.
വധഗൂഢാലോചനയിലെ മുഖ്യസൂത്രധാരൻ ജയരാജനാണെന്നു സിബിഐ കുറ്റപത്രത്തിൽ പറയുന്നു. ചീഫ് ജസ്റ്റീസ് ഉൾപ്പെടെയുള്ള ഡിവിഷൻ ബെഞ്ചാകും അപ്പീൽ പരിഗണിക്കുക.