ചെന്നൈ: അടച്ചിട്ട മുറിയില്‍ സ്ത്രീയെയും പുരുഷനെയും ഒന്നിച്ചു കണ്ടാല്‍ അനാശാസ്യമായി കാണാനാകില്ലെന്ന് മദ്രാസ് ഹൈക്കോടതി. പൊതുസമൂഹത്തില്‍ നിലനില്‍ക്കുന്ന ധാരണകള്‍ അനുസരിച്ച് ഇത്തരം വിഷയത്തില്‍ കോടതിക്ക് ഇടപെടാനാകില്ല. ഇത്തരം വിഷയങ്ങളില്‍ ശിക്ഷയോ അച്ചടക്ക നടപടിയോ കോടതിക്ക് ഉത്തരവിടാന്‍ സാധിക്കില്ലെന്ന നിര്‍ണായക നിരീക്ഷണവും കോടതി ജസ്റ്റിസ് ആര്‍. സുരേഷ് കുമാര്‍ നടത്തി.പൊലീസ് കോണ്‍സ്റ്റബിളിനെ സര്‍വീസില്‍ നിന്ന് നീക്കം ചെയ്ത നടപടിയെ ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. കോണ്‍സ്റ്റബിളിനെ സര്‍വീസില്‍ നിന്ന് നീക്കിയ നടപടി കോടതി റദ്ദാക്കി.1998 ഒക്ടോബര്‍ പത്തിന് കേസിന് ആസ്പദമായ സംഭവം നടന്നത്. കെ. ശരവണ ബാബു എന്ന സിവില്‍ പൊലീസ് ഉദ്യോഗസ്ഥനെ അദ്ദേഹത്തിന്റെ ക്വാര്‍ട്ടേസില്‍ വനിതാ കോണ്‍സ്റ്റബിളിനൊപ്പം കണ്ടതോടെ അവിഹിത ബന്ധം ആരോപിച്ച് പ്രാദേശിക വാസികള്‍ രംഗത്ത് എത്തുകയായിരുന്നു. സംഭവം വിവാദമായതോടെ കെ. ശരവണ ബാബുവിനെതിരെ അധികൃതര്‍ നടപടി കൈക്കൊള്ളുകയും സര്‍വീസില്‍ നിന്ന് നീക്കം ചെയ്യുകയും ചെയ്തു.എന്നാല്‍ തൊട്ടടുത്ത വീട്ടില്‍ താമസിച്ചിരുന്ന വനിതാ കോണ്‍സ്റ്റബിള്‍ അവരുടെ വീടിന്റെ താക്കോല്‍ വാങ്ങിക്കാനായി തന്റെ താമസ സ്ഥലത്ത് എത്തിയതാണെന്നും അവര്‍ മുറിയില്‍ പ്രവേശിച്ചതോടെ ആരോ വാതില്‍ പുറമേ നിന്നു പൂട്ടുകയായിരുന്നുവെന്നാണ് ശരവണ ബാബുവിന്റെ വാദം. പുറത്തുനിന്നും വാതില്‍ പൂട്ടിയിട്ടുണ്ടെന്ന് പറഞ്ഞ സാക്ഷികളുടെ മൊഴി ജഡ്ജി ചൂണ്ടിക്കാട്ടി. ഇവര്‍ക്കെതിരെ ഉന്നയിക്കുന്ന ആരോപണം തെളിയിക്കാന്‍ ദൃക്സാക്ഷികളോ മറ്റു തെളിവുകളോ ഇല്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടുകയും ചെയ്തു. സംശയത്തിന്റെയും അനുമാനങ്ങളുടെയും അടിസ്ഥാനത്തില്‍, നിയമവിരുദ്ധമോ അധാര്‍മികമോ ആയ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ടെന്ന് കരുതാനാകില്ലെന്നും കോടതി.
English Summary : It is not unreasonable to see a man and a woman in a closed room; Madras High Court