ന്യൂഡൽഹി: ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവച്ച് എയര്‍ ഇന്ത്യ. ഇറാൻ- ഇസ്രയേൽ സംഘർഷം തുടരുന്ന സാഹചര്യത്തിലാണ് ടെൽ അവീവിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ ഏപ്രിൽ 30വരെ നിർത്തിവയ്ക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചത്.
ടിക്കറ്റ് ബുക്കുചെയ്ത യാത്രക്കാർക്ക് ടിക്കറ്റ് തുക മടക്കി നൽകുമെന്നും കമ്പനി അറിയിച്ചു. ടാറ്റാ ഉടമസ്ഥതയിലുള്ള വിമാന കമ്പനിയാണ് എയർ ഇന്ത്യ. ഔദ്യോഗിക എസ്ക് അക്കൗണ്ടിലൂടെയാണ് കമ്പനി ഇക്കാര്യം യാത്രക്കാരെ അറിയിച്ചത്.ആഴ്ചയിൽ നാല് വിമാന സർവീസുകളാണ്, ഇസ്രായേൽ തലസ്ഥാനമായ ടെൽ അവീവിലിനും ഡൽഹിക്കുമിടയിൽ എയർ ഇന്ത്യ നടത്തുന്നത്.
പശ്ചിമേഷ്യയിലെ സാഹചര്യം കണക്കിലെടുത്ത് ടെല്‍ അവീവില്‍ നിന്നും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ ഏപ്രില്‍ 30 വരെ എയർ ഇന്ത്യ താത്കാലികമായി നിര്‍ത്തിവയ്ക്കുന്നു. ഞങ്ങൾ സ്ഥിതിഗതികൾ തുടർച്ചയായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഈ കാലയളവിൽ ടെൽ അവീവിലേക്കും തിരിച്ചുമുള്ള യാത്രയ്‌ക്കായി ബുക്കിങ് സ്ഥിരീകരിച്ച ഞങ്ങളുടെ യാത്രക്കാർക്ക് പിന്തുണ നൽകുന്നു, പണം തിരികെ നല്‍കും’ എയർ ഇന്ത്യ എക്സിൽ കുറിച്ചു.