

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചൈനയ്ക്ക് മേല്‍ 145 ശതമാനം ഇറക്കുമതി തീരുവ പ്രഖ്യാപിച്ചതിന് പിന്നാലെ ആറ് കാര്‍ഗോ വിമാനങ്ങള്‍ നിറയെ ഐഫോണുകളാണ് ഇന്ത്യയില്‍ നിന്ന് അമേരിക്കയിലെത്തിച്ചത്. യുഎസ് പ്രഖ്യാപിച്ച ഇറക്കുമതി തീരുവ മറികടക്കാനുള്ള തീവ്ര ശ്രമത്തിലാണ് അമേരിക്കന്‍ എംഎന്‍സിയായ ആപ്പിള്‍.
സ്വന്തം രാജ്യത്തിന്റെ ഇറക്കുമതി തീരുവയില്‍ നിന്ന് രക്ഷപ്പെടാനാണ് അമേരിക്കന്‍ കമ്പനി ഇന്ത്യയില്‍ നിന്ന് 600 ടണ്‍ ഐഫോണുകള്‍ ഇതോടകം കയറ്റി അയച്ചത്. യുഎസ് പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ച ഇറക്കുമതി തീരുവയാണ് കമ്പനിയ്ക്ക് തിരിച്ചടിയായത്. തീരുവ പ്രഖ്യാപിച്ചതിന് പിന്നാലെ കമ്പനി ഇന്ത്യയിലെ ഉത്പാദനം വലിയ രീതിയില്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
100 ടണ്‍ ഭാരം വഹിക്കുന്ന ആറ് കാര്‍ഗോ വിമാനങ്ങളിലായ 15 ലക്ഷം ഐഫോണുകളാണ് ഇതോടകം ഇന്ത്യയില്‍ നിന്ന് യുഎസിലെത്തിച്ചത്. ഇന്ത്യയ്ക്ക് ഇറക്കുമതി തീരുവയായി യുഎസ് ഏര്‍പ്പെടുത്തിയത് 26 ശതമാനം നികുതിയാണ്. ഇത് കമ്പനിയ്ക്ക് അധിക ചെലവ് സൃഷ്ടിക്കും. എന്നാല്‍ ചൈന ഒഴികെയുള്ള രാജ്യങ്ങള്‍ക്ക് മൂന്ന് മാസത്തെ ഇളവ് അനുവദിച്ചതോടെ ഈ സമയം പരമാവധി ഉപയോഗപ്പെടുത്താനാണ് ആപ്പിളിന്റെ നീക്കം.
ഇതിനുപിന്നാലെ ഇന്ത്യയില്‍ നിന്നുള്ള ഐഫോണ്‍ ഉത്പാദനം 20 ശതമാനം ആപ്പിള്‍ വര്‍ധിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ചെന്നൈയിലെ ഫോക്‌സ്‌കോണ്‍ പ്ലാന്റിലാണ് ഉത്പാദനത്തിന്റെ ഏറിയ പങ്കും. ഇവിടെ ഞായറാഴ്ചകൡ പോലും നിലവില്‍ ഉത്പാദനം നടക്കുന്നുണ്ട്.
iphone export from india to us