23 ാമത് അന്താരാഷ്ട്ര ചലച്ചിത്രമേള ഡിസംബർ ഏഴു മുതൽ 13 വരെ തിരുവനന്തപുരത്ത് നടക്കുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ. ബാലൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ചെലവ് ചുരുക്കിയാണ് മേള സംഘടിപ്പിക്കുക. ഏഴുദിവസമായിരിക്കും ഈ വർഷത്തെ മേളയെന്നും അദ്ദേഹം പറഞ്ഞു. പൊതു ഖജനാവിൽനിന്ന് പണം എടുക്കാനില്ലാത്തതിനാൽ ഡെലിഗേറ്റ് ഫീസ് ഉയർത്തിയും സ്‌പോൺസർഷിപ്പ് വഴിയുമാണ് മേള നടത്തിപ്പിനുള്ള ഫണ്ട് സ്വരൂപിക്കുക. കഴിഞ്ഞ തവണ ആറുകോടി 35 ലക്ഷം രൂപയായിരുന്ന ചെലവ് ഇത്തവണ മൂന്നരക്കോടി രൂപയായി ചുരുക്കും. ഡെലിഗേറ്റ് ഫീസ് 2000 രൂപയായി ഉയർത്തിയിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് പകുതി നിരക്കായിരിക്കും. സൗജന്യ പാസുകൾ ഉണ്ടായിരിക്കില്ല. 12,000 പാസുകൾ വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.
ഫെസ്റ്റിവലിന്റെ സംഘാടക സമിതി യോഗം ഒക്‌ടോബർ 11 വൈകിട്ട് അഞ്ചിന് പാളയം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലെ ഒളിംപിയ ഹാളിൽ ചേരും.
മുൻ വർഷങ്ങളിലെപ്പോലെ മേളയിലെ മത്സരവിഭാഗം ഉൾപ്പെടെയുള്ള എല്ലാ വിഭാഗങ്ങളും ഇത്തവണയും ഉണ്ടാകും. അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ 14 സിനിമകളുണ്ടാവും. നവാഗതരുടെ ആറ് സിനിമകളുൾപ്പെടെ ആകെ 14 മലയാള സിനിമകൾ പ്രദർശിപ്പിക്കും. ഇതിൽ രണ്ടു ചിത്രങ്ങൾ മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കും. ഇന്ത്യൻ സിനിമാവിഭാഗത്തിൽ ഒമ്പത് ചിത്രങ്ങൾ പ്രദർശിപ്പിക്കും. ഇതിൽ രണ്ടെണ്ണം മത്സരവിഭാഗത്തിലായിരിക്കും. സമഗ്ര സംഭാവനയ്ക്കുള്ള ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാർഡ് ഇത്തവണ ഉണ്ടായിരിക്കില്ല. കോംപറ്റിഷൻ, ഫിപ്രസി, നെറ്റ്പാക് അവാർഡുകളുണ്ടായിരിക്കും. ഇന്റർനാഷണൽ ജൂറി ദക്ഷിണേന്ത്യയിൽ നിന്നായി പരിമിതപ്പെടുത്തും. മേള നടക്കുന്ന ദിവസങ്ങളിൽ മുഖ്യവേദിയിൽ വൈകുന്നേരങ്ങളിൽ നടത്താറുള്ള കലാ സാംസ്‌കാരിക പരിപാടികൾ, ശിൽപശാല, എക്‌സിബിഷൻ, മാസ്റ്റർ ക്ലാസ്, പാനൽ ഡിസ്‌കഷൻ എന്നിവ ഒഴിവാക്കിയിട്ടുണ്ട്. ഓപ്പൺ ഫോറം തുടരും.
പ്രളയക്കെടുതിയിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലിയർപ്പിച്ച് നിശാഗന്ധിയിൽ ഉദ്ഘാടനച്ചടങ്ങ് ലളിതമായി നടത്തും. ഉദ്ഘാടന ചിത്രം പ്രദർശിപ്പിക്കും. ലളിതമായ രീതിയിൽ നടത്തുന്ന സമാപന ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്യും. അവാർഡ് ലഭിച്ച ചിത്രം പ്രദർശിപ്പിക്കും. സ്‌പോൺസർഷിപ്പ് ലഭിക്കുകയാണെങ്കിൽ മാത്രം അലങ്കാരങ്ങൾ, പരസ്യ ഹോർഡിങ്ങുകൾ, പന്തലുകൾ എന്നിവ സ്ഥാപിക്കും. സ്‌പോൺസർഷിപ്പിന് താല്പര്യമുള്ളവരെ പത്രപരസ്യത്തിലൂടെ കണ്ടെത്തും.