ഇന്ത്യ ആറിലേറെ കോവിഡ് വാക്സിനുകള്‍ കൂടി പുറത്തിറക്കും

71 ലോകരാജ്യങ്ങള്‍ കോവാക്സിന്‍, കോവിഷീല്‍ഡ് വാക്സിനുകള്‍ ഉപയോഗിക്കുന്നു.1.84 കോടി വാക്സിന്‍ ഡോസുകള്‍ നല്‍കി
ഭോപ്പാല്‍: ഇന്ത്യ ആറിലേറെ പുതിയ കോവിഡ് വാക്സിനുകള്‍ കൂടി പുറത്തിറങ്ങുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ദ്ധന്‍. ഇന്ത്യയില്‍ ഉത്പാദിപ്പിച്ച കോവാക്സിന്‍, കോവിഷീല്‍ഡ് വാക്സിനുകള്‍ നിലവില്‍ 71 ലോകരാജ്യങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നമ്മുടെ ശാസ്ത്രജ്ഞരുടെ പരിശ്രമങ്ങള്‍ പ്രശംസനീയമാണ്. അവരുടെ അദ്ധ്വാനംകൊണ്ടാണ് നമുക്ക് ഇതെല്ലാം നേടാനായത്. കോവിഡ് വര്‍ഷം എന്നതിനപ്പുറം 2020 ശാസ്ത്രത്തിന്റെയും ശാസ്ത്രജ്ഞരുടെയും വര്‍ഷമായി ഓര്‍മ്മിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ഭോപ്പാലിലെ എന്‍.ഐ.ആര്‍.ഇ.എച്ചിലെ പുതിയ ഗ്രീന്‍ കാമ്പസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ലോക നേതാവായ ഒരു പുതിയ ഇന്ത്യയെ രൂപപ്പെടുത്താനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രമം. ശാസ്ത്രത്തെ നമ്മള്‍ ബഹുമാനിക്കണം. വാക്സിന്റെ പേരിലുള്ള രാഷ്ട്രീയം അവസാനിപ്പിക്കേണ്ടതുണ്ട്. ഇത് രാഷ്ട്രീയ പോരാട്ടമല്ല, ശാസ്ത്രീയ പോരാട്ടമാണ്. അതുകൊണ്ടാണ് ഞങ്ങള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.  കാനഡ, ബ്രസീല്‍ മറ്റ് നിരവധി വികസിത രാജ്യങ്ങള്‍ ഇന്ത്യയുടെ വാക്സിന്‍ അത്യുത്സാഹത്തോടെ ഉപയോഗിക്കുന്നുണ്ട്.

കോവിഡിന്റെ തുടക്കകാലത്ത് രാജ്യത്ത് ഒരു കോവിഡ് പരിശോധനാ കേന്ദ്രം മാത്രമേ ഉണ്ടായിരുന്നുള്ളു. എന്നാല്‍ ഇന്ന് 2412 പരിശോധന കേന്ദ്രങ്ങളുണ്ട്. 23 കോടി കോവിഡ് പരിശോധന ഇതുവരെ നടത്തി. രാജ്യത്തുടനീളം 1.84 കോടി വാക്സിന്‍ ഡോസുകള്‍ ആളുകള്‍ക്ക് നല്‍കി. കഴിഞ്ഞ ദിവസം മാത്രം 20 ലക്ഷം പേര്‍ വാക്സിനെടുത്തു. ചില ആളുകള്‍ ആശയക്കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ സത്യത്തെ തോല്‍പ്പിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളുടെ അശ്രദ്ധയും തെറ്റിദ്ധാരണയും മൂലമാണ് കോവിഡ് കേസുകളില്‍ ഇപ്പോള്‍ വര്‍ദ്ധനവുണ്ടായത്. വൈറസിനെതിരെയുള്ള വാക്സിന്‍ എത്തിയതോടെ എല്ലാം ശരിയായെന്ന് ആളുകള്‍ കരുതി. വൈറസില്‍നിന്ന് നിന്ന് രക്ഷ നേടാന്‍ എല്ലാവരും കോവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും  ഹര്‍ഷ വര്‍ദ്ധന്‍ ആവശ്യപ്പെട്ടു.

English Summary : India will launch more than six Covid vaccines

admin:
Related Post