

ലാഹോർ: കാശ്മീരിലെ പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകരരെ സ്വാതന്ത്ര്യസമരസേനാനികളെന്ന് വിശേഷിപ്പിച്ച് പാകിസ്താൻ ഉപപ്രധാനമന്ത്രി ഇഷ്‍ക് ദർ. ജമ്മുകശ്മീരിൽ ആക്രമണം നടത്തിയ ഭീകരർ ചിലപ്പോൾ സ്വാതന്ത്ര്യസമരസേനാനികളാവാമെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. കഴിഞ്ഞ ദിവസം നടത്തിയ വാർത്തസമ്മേളനത്തിനിടെയാണ് ഉപപ്രധാനമന്ത്രിയുടെ പ്രസ്താവനയുണ്ടായത്. സിന്ധു നദിജല കരാർ റദ്ദാക്കിയതിലുംഅദ്ദേഹം പ്രതികരണം നടത്തി. പാകിസ്താനിലെ 240 മില്യൺ ജനങ്ങൾക്ക് വെള്ളം വേണം. അത് നിങ്ങൾക്ക് തടയാനാവില്ല. അങ്ങനെ തടയുകയാണെങ്കിൽ അത് യുദ്ധപ്രഖ്യാപനമായി കണക്കാക്കുമെന്നും വിദേശകാര്യമന്ത്രി പറഞ്ഞു.
പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യ പ്രഖ്യാപിച്ച കടുത്ത നടപടികൾക്ക് ബദലായി നടപടികൾ പ്രഖ്യാപിച്ച് പാകിസ്താനും. അടിയന്തരമായി വ്യോമ മേഖല അടക്കാൻ പാകിസ്താൻ തീരുമാനിച്ചതായാണ് പുറത്തുവരുന്ന വിവരം. ഇതോടെ ഇന്ത്യൻ വിമാന കമ്പനികൾക്കും ഇന്ത്യയിലേക്ക് സർവിസ് നടത്തുന്ന കമ്പനികൾക്കും പാകിസ്താൻ വ്യോമ പാത ഉപയോഗിക്കാനാകില്ല. ഇന്ത്യയുമായുള്ള എല്ലാ വ്യാപാര ബന്ധം വിച്ഛേദിക്കാനും പാകിസ്താൻ തീരുമാനിച്ചു. ഷിംല കരാറും റദ്ദാക്കും. പാകിസ്താൻ വഴി ഇന്ത്യയിലേക്കും ഇന്ത്യയിൽനിന്ന് പാകിസ്താൻ വഴി മൂന്നാംലോക രാജ്യങ്ങളിലേക്കുമുള്ള ചരക്കുനീക്കവും റദ്ദാക്കി. പാകിസ്താനിൽ നിന്നുള്ള ഇന്ത്യൻ പൗരന്മാരോട് ഉടൻ മടങ്ങാനും നിർദേശം നൽകിയിട്ടുണ്ട്.അതേ സമയം പഹൽഗാം ഭീകരാക്രമണത്തിൻറെ പശ്ചാത്തലത്തിൽ പാകിസ്താനുമായുള്ള 1960ലെ സിന്ധു നദീജല കരാർ മരവിപ്പിച്ച് കേന്ദ്ര സർക്കാർ പുറത്തിറക്കി ഔദ്യോഗിക വിജ്ഞാപനത്തിൻറെ കൂടുതൽ വിവരങ്ങൾ പുറത്ത്. കേന്ദ്ര ജലവിഭവ സെക്രട്ടറി ദേബശ്രീ മുഖർജിയാണ് വിജ്ഞാപനത്തിൻറെ വിവരങ്ങൾ ഉൾപ്പെടുത്തി കൊണ്ടുള്ള കത്ത് പാകിസ്താൻ പ്രതിനിധി സെയ്ദ് അലി മുർതാസക്ക് കൈമാറിയത്.
‘പ്രിയ മുർതാസ’ എന്ന് അഭിസംബോധന ചെയ്താണ് കത്ത് ആരംഭിക്കുന്നത്. ‘ഉത്തമ വിശ്വാസത്തോടെ മാനിക്കുക എന്നതാണ് ഒരു കരാറിൻറെ അടിസ്ഥാനം. എന്നാൽ, ഇന്ത്യയുടെ കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിനെ ലക്ഷ്യംവച്ചുള്ള പാകിസ്താൻ അതിർത്തി കടന്നുള്ള ഭീകരതയാണ് നമ്മൾ കണ്ടത്. തത്ഫലമുണ്ടാകുന്ന സുരക്ഷാ അനിശ്ചിതത്വങ്ങൾ കരാർ പ്രകാരമുള്ള ഇന്ത്യയുടെ അവകാശങ്ങൾ പൂർണമായി വിനിയോഗിക്കുന്നതിന് നേരിട്ട് തടസമായി.
കൂടാതെ, കരാർ പ്രകാരം വിഭാവനം ചെയ്തിട്ടുള്ള ചർച്ചകളിൽ ഏർപ്പെടാനുള്ള ഇന്ത്യയുടെ അഭ്യർഥനയോട് പാകിസ്താൻ പ്രതികരിക്കാൻ വിസമ്മതിക്കുകയും അങ്ങനെ ഉടമ്പടിയുടെ ലംഘന നടത്തുകയുമാണ് ചെയ്യുന്നത്. അതിനാൽ, 1960ലെ സിന്ധു നദീജല കരാർ ഉടനടി പ്രാബല്യത്തിൽ വരുന്ന തരത്തിൽ നിർത്തിവെക്കാൻ ഇന്ത്യൻ സർക്കാർ തീരുമാനിച്ചു’. -കത്തിൽ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, സിന്ധു നദീജല കരാർ മരവിപ്പിക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് പാകിസ്താൻ രംഗത്തുവന്നിരുന്നു. കരാർ പ്രകാരം പാകിസ്താന് ലഭിക്കേണ്ട വെള്ളം വഴിതിരിച്ചു വിടാനുള്ള ഏതൊരു നീക്കവും യുദ്ധനടപടിയായി കണക്കാക്കുമെന്നാണ് പാകിസ്താൻ പ്രതികരിച്ചത്. അതിർത്തിയിൽ ഇന്ത്യൻ സൈനിക മേധാവി ഹെലികോപ്റ്റർ മാർഗം എത്തി. ഭീകരവാദ ആക്രമണം നടന്ന പഹൽഹാം സന്ദർശിച്ചു. ഭീകരാക്രമണത്തിന് മറുപചടിയുമായി ഇത് വരെ അഞ്ച് ഭീകരരെ സേന വധിച്ചു. ഭീകരരെ സംരക്ഷിച്ച വീടും സൈന്യം തകർത്തു.
india pak war