കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സ്വാതന്ത്ര്യദിനാഘോഷം

കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ആർഭാടങ്ങൾ ഒഴിവാക്കി പൂർണമായി കോവിഡ് പ്രോട്ടോകോൾ പാലിച്ചായിരുന്നു തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിൽ ഇത്തവണത്തെ സ്വാതന്ത്ര്യദിനാഘോഷം.

മുഖ്യമന്ത്രി സ്വയം നിരീക്ഷണത്തിൽ പോയ പശ്ചാത്തലത്തിൽ ടൂറിസം സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രനായിരുന്നു രാവിലെ 9ന് പതാക ഉയർത്തി അഭിവാദ്യം സ്വീകരിച്ചത്. ശംഖുംമുഖം എ. സി. പി ഐശ്വര്യ ദോംഗ്രെയായിരുന്നു പരേഡ് കമാൻഡർ. സ്‌പെഷ്യൽ ആംഡ് പോലീസ് അസി. കമാൻഡന്റ് വൈ. ഷമീർഖാൻ ആയിരുന്നു സെക്കന്റ് ഇൻ കമാൻഡ്.കോവിഡിന്റെ പശ്ചാത്തലത്തിൽ മാർച്ച് പാസ്റ്റ് ഒഴിവാക്കി ചടങ്ങ് പത്തു മിനിട്ടിൽ അവസാനിപ്പിച്ചു.

ബി. എസ്. എഫ്, സ്‌പെഷ്യൽ ആംഡ് പോലീസ്, കേരള ആംഡ് പോലീസ് അഞ്ചാം ബറ്റാലിയൻ, തിരുവനന്തപുരം സിറ്റി പോലീസ്, കേരള ആംഡ് വിമൻ പോലീസ് ബറ്റാലിയൻ, എൻ. സി. സി സീനിയർ ഡിവിഷൻ ആർമി  (ആൺകുട്ടികൾ), എൻ. സി. സി സീനിയർ വിംഗ് ആർമി (പെൺകുട്ടികൾ) എന്നിവരുടെ ഓരോ പ്ലാറ്റൂണുകൾ പങ്കെടുത്തു. സ്‌പെഷ്യൽ ആംഡ് പോലീസ്, കേരള ആംഡ് പോലീസ് അഞ്ചാം ബറ്റാലിയൻ എന്നിവയുടെ ബാന്റ് സംഘവും ഉണ്ടായിരുന്നു. വ്യോമസേനയുടെ ഹെലികോപ്റ്റർ പുഷ്പവൃഷ്ടി നടത്തി.  

ജില്ലാ കളക്ടർ ഡോ: നജ്‌ജ്യോത് ഖോസ, സിറ്റി പോലീസ് കമ്മീഷണർ ബൽറാംകുമാർ ഉപാധ്യായ, ജനപ്രതിനിധികൾ, മുതിർന്ന ഉദ്യോഗസ്ഥർ, പ്രത്യേക ക്ഷണിതാക്കൾ, തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. കുട്ടികൾ, മുതിർന്ന പൗരൻമാർ എന്നിവർക്ക് പ്രവേശനം നൽകിയിരുന്നില്ല. പ്രവേശന കവാടത്തിൽ തെർമൽ സ്‌കാനിംഗിനു ശേഷമാണ് എല്ലാവരേയും വേദിയിലേക്ക് കടത്തിവിട്ടത്. സാനിറ്റൈസറും ഒരുക്കിയിരുന്നു. സമൂഹ്യാകലം പാലിച്ചാണ് വേദിയിൽ കസേരകൾ നിരത്തിയിരുന്നത്. പ്ലാറ്റൂൺ അംഗങ്ങൾ ഉൾപ്പെടെ എല്ലാവരും മാസ്‌ക്ക് ധരിച്ചിരുന്നു.  

English Summary : Independence Day celebrations by covid19 standards

admin:
Related Post