തമിഴ്നാട്ടില്‍ അമ്മ മക്കള്‍ മുന്നേറ്റ കഴകവുമായി(എം.എം.കെ) സഖ്യമുണ്ടാക്കി അസദുദ്ദീന്‍ ഉവൈസിയുടെ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍(എ.ഐ.എം.ഐ.എം). സഖ്യപ്രകാരം എ.ഐ.എം.എം.എം മൂന്ന് സീറ്റുകളില്‍ മത്സരിക്കും. വാണിയമ്ബാടി, കൃഷ്ണഗിരി, ശങ്കരാപുരം എന്നിവയാണ് മജ്ലിസ് പാര്‍ട്ടി മത്സരിക്കുന്ന സീറ്റുകള്‍. മജ്ലിസ് പാര്‍ട്ടി തമിഴ്നാട് സംസ്ഥാന പ്രസിഡന്റ് വക്കീല്‍ അഹമ്മദ് ഇക്കാര്യം സ്ഥിരീകരിച്ചു.
മൂന്ന് സീറ്റിലും വിജയിക്കാനാകുമെന്ന് വക്കീല്‍ അഹമ്മദ് പറഞ്ഞു. ഈ സഖ്യത്തില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. സഖ്യം മത്സരിക്കുന്ന 234 സീറ്റുകളിലും നന്നായി പരിശ്രമിച്ച് സ്ഥാനാര്‍ത്ഥികളുടെ വിജയം ഉറപ്പാക്കുമെന്നും വക്കീല്‍ അഹമ്മദ് വ്യക്തമാക്കി. തമിഴ്നാട്ടില്‍ ഡിഎംകെയുമായി സഖ്യമുണ്ടാക്കാന്‍ മജ്ലിസ് പാര്‍ട്ടി നേരത്തെ ശ്രമം നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഡിഎംകെയില്‍ മുസ്ലിം ലീഗും മനിതനേയ മക്കള്‍ കക്ഷിയും ഉള്ളതിനാല്‍ ആ നീക്കം നടന്നില്ല.
തമിഴ്നാട്ടില്‍ മജ്ലിസ് പാര്‍ട്ടി മത്സരിക്കുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ ഒവൈസി നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും സഖ്യം സംബന്ധിച്ച വിവരങ്ങളില്‍ ഇപ്പോഴാണ് തീരുമാനമാകുന്നത്. കേരളത്തിനൊപ്പം തമിഴ്നാട്ടിലും ഏപ്രില്‍ ആറിനാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. തമിഴ്നാടിന് പുറമെ ബംഗാളിലും മജ്ലിസ് പാര്‍ട്ടി മത്സരിക്കുന്നുണ്ട്. ബിഹാറില്‍ നേടിയ വിജയത്തിന്റെ ആത്മിവശ്വാസത്തിലാണ് മജ്ലിസ് പാര്‍ട്ടി തമിഴ്നാട്ടിലും ബംഗാളിലും മത്സരിക്കാനിറങ്ങുന്നത്. ബിഹാറില്‍ 14 സീറ്റുകളില്‍ മത്സരിച്ച മജ്ലിസ് പാര്‍ട്ടി അഞ്ച് സീറ്റുകളിലാണ് വിജയിച്ചത്.
അതേസമയം വി.കെ ശശികല ജയില്‍ മോചിതയായി വരുമ്‌ബോള്‍ ദിനകരന്റെ പാര്‍ട്ടി വളരെ പ്രതീക്ഷയിലായിരുന്നു. അതിനിടെയാണ് ശശികല രാഷ്ട്രീയം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്.
English Summary : In Tamil Nadu, Owaisi formed an alliance with Dinakaran’s party