മഴക്കെടുതിയും വെള്ളപ്പൊക്കവും നേരിടുന്നതില്‍ സംസ്ഥാനസര്‍ക്കാരിന് കേന്ദ്രസര്‍ക്കാരിന്റെ എല്ലാ പിന്തുണയും കേന്ദ്ര മന്ത്രി രാജ്‌നാഥ് സിങ് വാഗ്ദാനം ചെയ്തു. പറവൂര്‍ താലൂക്കിലെ എളന്തിക്കര ഗവ: എല്‍ പി സ്‌കൂളിലെ ദുരിതാശ്വാസക്യാമ്പ് സന്ദര്‍ശിക്കുകയായിരുന്നു മന്ത്രി.
മഴക്കെടുതി മൂലമുള്ള സംസ്ഥാനത്തെ സ്ഥിതി അതീവ ഗുരുതരമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. മഴക്കെടുതി ഉണ്ടായ സ്ഥലങ്ങളില്‍ ഹെലികോപ്റ്ററില്‍ സന്ദര്‍ശനത്തിന് ശേഷമാണ് അദ്ദേഹം ദുരിതാശ്വാസക്യാമ്പ് സന്ദര്‍ശിച്ചത്. കേരളത്തിലെ മഴക്കെടുതി വിലയിരുത്താന്‍ പത്തുദിവസം മുമ്പ് കേന്ദ്രസഹമന്ത്രി കിരണ്‍ റിജ്ജു എത്തിയിരുന്നു. അദ്ദേഹവും കേരളത്തിലെ സ്ഥിതിയെക്കുറിച്ച് ധരിപ്പിച്ചിട്ടുണ്ടെന്ന് കേന്ദ്ര മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു.
ദുരിതാശ്വാസ ക്യാമ്പ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോള്‍ ഉള്ള സ്ഥിതിഗതികളെക്കുറിച്ച് ആശങ്കവേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മഴക്കെടുതി നേരിട്ടവര്‍ക്ക് എല്ലാവിധ പിന്തുണയുമായി സര്‍ക്കാര്‍ കൂടെയുണ്ട്. കേന്ദ്ര ടൂറിസംസഹ മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, സംസ്ഥാന റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍, ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ്, കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍, കെ വി തോമസ് എം പി, വി ഡി സതീശന്‍ എംഎല്‍എ തുടങ്ങിയവര്‍ മന്ത്രി യോടൊപ്പം ഉണ്ടായിരുന്നു. ജില്ലാ കലക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ളയും പുത്തന്‍ വേലിക്കര പഞ്ചായത്ത് പ്രസിഡന്റ് പി വി ലാജുവും സന്നിഹിതരായിരുന്നു ക്യാമ്പിലെ അംഗങ്ങളായ ലക്ഷ്മി നടേശനും വിജി കുമാരനും കേന്ദ്ര മന്ത്രിയോട് ക്യാമ്പിലെ സൗകര്യങ്ങളെക്കുറിച്ചും തിരിച്ച് വീട്ടിലെത്തുമ്പോള്‍ അവര്‍ക്കുള്ള ആശങ്കകളെ കുറിച്ചും സംസാരിച്ചു.
പുത്തന്‍വേലിക്കര പഞ്ചായത്തിലെ എളന്തിക്കര കോഴിതുരുത്തില്‍ വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് 141 കുടുംബങ്ങളാണ് ഗവ.എല്‍.പി സ്‌കൂളിലെ ക്യാമ്പില്‍ ഉള്ളത്. 81 കുട്ടികളും 223 വനിതകളുമടക്കം 520 പേര്‍ ക്യാമ്പിലുണ്ട്. നാലു ദിവസമായി ഇവര്‍ ക്യാമ്പിലെത്തിയിട്ട്. പുത്തന്‍വേലിക്കര പഞ്ചായത്തിലെ എട്ടാം വാര്‍ഡിലാണ് കോഴിതുരുത്ത് . ചാലക്കുടിയാറും പെരിയാറും സംഗമിക്കുന്ന കണക്കന്‍ കടവിലാണ് കോഴിതുരുത്ത്. പുഴയാല്‍ ചുറ്റപ്പെട്ട കോഴിതുരുത്ത് വെള്ളം കയറിയാല്‍ ഒറ്റപ്പെടുന്ന അവസ്ഥയാണ്. ചെറിയൊരു പാലം മാത്രമാണ് ഇവര്‍ക്ക് പുറം ലോകവുമായുള്ള ബന്ധം. വെള്ളം ഒഴുകിയെത്തിയതിനെ തുടര്‍ന്ന് പാലം ഭാഗികമായി തകര്‍ന്ന നിലയിലാണ്.