ലേബർചട്ടം കാറ്റിൽ പറത്തി കൊല്ലത്ത് കശുവണ്ടി സംസ്കരണ സ്ഥാപനത്തിൽ തൊഴിലാളി പീഡനം; കണ്ണടച്ച് ജില്ലാ ലേബർ ഓഫീസറും

കൊല്ലം: ലേബർചട്ടം കാറ്റിൽ പറത്തി കൊല്ലത്ത് കശുവണ്ടി സംസ്കരണ സ്ഥാപനത്തിൽ ദുരിതം. രാവും പകലും തൊഴിൽ ചെയ്യുന്ന തൊഴിലാളികൾക്ക് വിശ്രമമോ അവധിയോ നൽകാതെ വന്നതോടെ ജില്ലാ ലേബർ ഓഫീസർക്ക് മുന്നിൽ പരാതി നൽകാൻ ഒരുങ്ങുകയാണ് തൊഴിലാളികൾ. കൊല്ലം കരുനാ​ഗപ്പള്ളി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പ്രമുഖ കശുവണ്ടി സംസ്കരണ കയറ്റുമതി സ്ഥാപനത്തിന് എതിരെയാണ് തൊഴിലാളികൾ പ്രത്യക്ഷ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. ഓവർടൈം ജോലിക്ക് പുറമേ കൂലി പോലും നൽകാതെയാണ് തൊഴിലാളി യാതന ഇവിടെ നടക്കുന്നത്. പരാതിപ്പെടാൻ തയ്യാറായാൽ ഭീഷണിയാണെന്നും തൊഴിലാളികൾ ആരോപിക്കുന്നു. അവധി ദിവസങ്ങളിൽ ജോലിക്ക് വിളിക്കുന്നത് ചോദ്യം ചെയ്താൽ നിർബന്ധിച്ച് രാജി ഭീഷണിയാണ് കമ്പനി രീതിയെന്ന് തൊഴിലാളികളിൽ ചിലർ കേരള 9നോട് പ്രതികരിക്കുന്നു.

8 മണിക്കൂർ ജോലി സമയം എന്ന വ്യവസ്ഥ കാറ്റിൽ പറത്തിയാണ് 400ന് മുകളിൽ തൊഴിലാളികളുമായി ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ തൊഴിലാളി വിരുദ്ധ നടപടി. സംഭവത്തിൽ കരുനാ​ഗപ്പള്ളിയിലെ അസിസ്റ്റന്റ് ലേബർ ഓഫീസറോട് വിവരം തിരക്കിയെങ്കിയിലും രേഖാമൂലമുള്ള പരാതി ലഭിക്കുന്ന മുറയ്ക്ക് നടപടിയുമായി മുന്നോട്ട് പോകുമെന്നാണ് അസിസ്റ്റന്റ് ലേബർ ഓഫീസറുടെ നിലപാട്. സംഭവത്തിൽ തൊഴിലാളികളുടെ രഹസ്യമൊഴി സ്വീകരിച്ചാലോ പരാതി സ്വീകരിച്ചാലോ നടപടിയുമായി മുന്നോട്ട് പോകുമെന്ന് ലേബർ ഓഫീസർ അറിയിക്കുന്നു. തൊഴിലാളികൾ കൂടുതലുള്ള തൊഴിലിടങ്ങളിൽ തൊഴിൽപ്രശ്നങ്ങൾ പരിഹരിക്കാൻ പരിശോധന നടത്തണം എന്ന സർക്കാർ ചട്ടം നിലനിൽക്കെ പരിശോധനകൾ നടക്കുന്നില്ലെന്നാണ് ജീവനക്കാരും ആരോപിക്കുന്നത്.

admin:
Related Post