സൗമ്യയുടെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം; മകന്റെ പേരില്‍ അഞ്ച് ലക്ഷം സ്ഥിര നിക്ഷേപം

ഇസ്രായേലില്‍ ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. സൗമ്യയുടെ മകന്റെ പേരില്‍ അഞ്ച് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും സ്ഥിര നിക്ഷേപം നടത്തും. കുട്ടിയുടെ വിദ്യാഭ്യാസ ചെലവും സര്‍ക്കാര്‍ വഹിക്കും. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

കേരള തീരപ്രദേശത്തെ കടലില്‍ ജൂണ്‍ 9 അര്‍ധരാത്രി മുതല്‍ ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്തും. ജൂലൈ 31 വരെ 52 ദിവസമാണ് ട്രോളിംഗ് നിരോധനം. ഗവണ്‍മെന്റ് ചീഫ് വിപ്പായി ഡോ. എന്‍. ജയരാജിനെ കാബിനറ്റ് റാങ്കോടെ നിയമിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

സംസ്ഥാനത്തെ 14 പ്രിന്‍സിപ്പല്‍ ജില്ലാ കോടതികളില്‍ കോര്‍ട്ട് മാനേജര്‍മാരുടെ സ്ഥിരം തസ്തിക സൃഷ്ടിക്കും. നിലവില്‍ ജോലി ചെയ്യുന്ന എട്ട് കോര്‍ട്ട് മാനേജര്‍മാരെ റഗുലറൈസ് ചെയ്യും. ജയില്‍ ഉപദേശക സമിതിയുടെയും നിയമ വകുപ്പിന്റെയും ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം സെന്‍ട്രല്‍ പ്രിസണ്‍ ആന്‍ഡ് കറക്ഷണല്‍ ഹോമിലെ ആറ് തടവുകാരുടെ ശിക്ഷാകാലയളവ് ഇളവു ചെയ്ത് അകാലവിടുതല്‍ നല്‍കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

English Summary :Government assistance to Soumya’s family; Five lakh fixed deposit in the name of the son

admin:
Related Post