തിരുവനന്തപുരം: 51ാമത് ഗോവ രാജ്യാന്തര ചലച്ചിത്രമേളയിലെ പനോരമ ചിത്രങ്ങള്‍ പ്രഖ്യാപിച്ചു. 23 ഫീച്ചര്‍ സിനിമകളും 20 നോണ്‍ ഫീച്ചര്‍ സിനിമകളുമാണ് പനോരമ വിഭാഗത്തില്‍ ഇത്തവണ പ്രദര്‍ശിപ്പിക്കുന്നത്. മലയാളത്തില്‍ നിന്ന് അഞ്ച് ഫീച്ചര്‍ ചിത്രങ്ങളും ഒരു നോണ്‍ ഫീച്ചര്‍ ചിത്രവും ഈ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.
പ്രദീപ് കാളിപുറം സംവിധാനം ചെയ്ത ‘സേഫ്’, ഫഹദ്- നസ്രിയ താരജോഡികള്‍ ഒന്നിച്ച അന്‍വര്‍ റഷീദ് ചിത്രം ‘ട്രാന്‍സ്’, ആസിഫ് അലി നായകനായെത്തിയ നിസാം ബഷീര്‍ സംവിധാനം ചെയ്ത ‘കെട്ട്യോളാണ് എന്റെ മാലാഖ’, സിദ്ദിഖ് പരവൂരിന്റെ ‘താഹിറ’, മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത ‘കപ്പേള’ എന്നിവയാണ് ഫീച്ചര്‍ വിഭാഗം പനോരമയിലേക്ക് മലയാളത്തില്‍നിന്ന് ഇടം പിടിച്ചിരിക്കുന്ന സിനിമകള്‍. ശരണ്‍ വേണുഗോപാലിന്റെ ‘ഒരു പാതിരാസ്വപ്നം പോലെ’ ആണ് നോണ്‍ ഫീച്ചര്‍ വിഭാഗത്തിലേക്ക് മലയാളത്തില്‍ നിന്നും ഇടംപിടിച്ച ചിത്രം.
ജയറാം കുചേലനായി വേഷമിടുന്ന സംസ്‌കൃത സിനിമ നമോയും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. വിജീഷ് മണിയാണ് ചിത്രത്തിന്റെ സംവിധായകന്‍. ധനുഷും മഞ്ജു വാര്യരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച വെട്രി മാരന്റെ തമിഴ് ചിത്രം ‘അസുരന്‍’, അന്തരിച്ച ബോളിവുഡ് ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത് നായകനായ നിതേഷ് തിവാരിയുടെ ‘ചിച്ചോറെ’, താപ്‌സി പന്നു, ഭൂമി പഡ്‌നേക്കര്‍ എന്നിവര്‍ വേഷമിട്ട തുഷാര്‍ ഹിരനന്ദാനി ചിത്രം സാന്‍ഡ് കി ആംഗ്, എന്നിവയാണ് പട്ടികയില്‍ ഇടം നേടിയ മറ്റ് ചിത്രങ്ങള്‍.
ജനുവരിയിലാണ് ഇത്തവണത്തെ മേള നടക്കുന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നവംബര്‍ 20 മുതല്‍ 28 വരെ ഗോവയില്‍ നടക്കാനിരുന്ന ചലച്ചിത്രമേള ജനുവരിയിലേക്ക് മാറ്റിവച്ചത്. ജനുവരി 16 മുതല്‍ 24 വരെയുള്ള ദിവസങ്ങളില്‍ വെര്‍ച്വല്‍, ഹൈബ്രിഡ് ഫോര്‍മാറ്റിലാവും മേള സംഘടിപ്പിക്കുകയെന്നും വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കര്‍ വ്യക്തമാക്കിയിരുന്നു.
കോവിഡിന്റെ പശ്ചാത്തലത്തില്‍ 25-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയും അടുത്ത വര്‍ഷത്തേക്ക് മാറ്റിവച്ചിരുന്നു. 2021 ഫെബ്രുവരി 12 മുതല്‍ 19 വരെയാണ് മേള നടക്കുകയെന്ന് കേരള ചലച്ചിത്ര അക്കാദമി വ്യക്തമാക്കി.
English Summary : Goa Film Festival: Six Malayalam films including Trance and Kettolante Malakha on Indian Panorama