തിരുവനന്തപുരം: പീഡനശ്രമത്തിനിടെ യുവതി ജനനേന്ദ്രിയം ഛേദിച്ച സ്വാമി ഗംഗേശാനന്ദ തീർഥപാദ എന്ന ശ്രീഹരിയെ ഹാജരാക്കത്ത പൊലീസ് നടപടിക്കെതിരെ വിമർശനവുമായി തിരുവനന്തപുരം പോക്സോ കോടതി. സ്വാമിയെ നേരിട്ട് ഹാജരാക്കാത്തതിനാണു ഈ നിലപാട്. പ്രതിയെ കസ്റ്റഡിയിൽ വിട്ടു നൽകണമെന്ന പോലീസിന്റെ അപേക്ഷ പരിഗണിക്കവെയാണ് കോടതി വിമർശിച്ചത്.
കേസ് പരിഗണിക്കുമ്പോള്‍ സ്വാമിയെ ഹാജരാക്കണമെന്ന് കോടതി നേരത്തെ പോലീസിനോട് നിര്‍ദേശിച്ചിരുന്നു. എന്നാൽ സ്വാമി ഇല്ലാതെയാണ് പൊലീസ് കോടതിയിലെത്തിയത്.
ആശുപത്രിയിൽ നിന്ന് വിട്ടയച്ചിട്ടും ഹാജരാക്കാത്തതു എന്തുകൊണ്ടാണെന്നും സ്വാമി ഇപ്പോൾ ആരുടെ കസ്റ്റഡിയിലാണെന്നും പേട്ട സർക്കിൾ ഇൻസ്പെക്ടറോട് വിശദീകരണം കോടതി തേടി. വ്യക്തമായ വിശദീകരണം തേടിയശേഷം മാത്രമേ തുടർ നടപടികൾ സ്വീകരിക്കൂ.
എന്നാൽ സ്വാമി ഇപ്പോഴും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണെന്നും അതിനാലാണ് ഹാജരാക്കാന്‍ സാധിക്കാതിരുന്നതെന്നുമായിരുന്നു പോലീസിന്റെ ഭാഷ്യം.
പ്രായപൂർത്തിയാകുന്നതിനു മുൻപുള്ള നാൾ മുതൽ തന്നെ പീഡിപ്പിക്കുന്നുണ്ടെന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സ്വാമിക്കെതിരെ പോസ്കോ നിയമപ്രകാരം കേസെടുത്തത്.