ഹത്രസ്: ഉത്തര്‍പ്രദേശില്‍ ഹത്രസിലെ ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയ കേസില്‍ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു. പ്രതികള്‍ക്കെതിരെ എസ്.സി / എസ്. ടി അതിക്രമങ്ങള്‍ തടയല്‍ നിയമപ്രകാരമുള്ള കുറ്റം ചുമത്തിയിട്ടുണ്ട്.
കേസിന്റെ അന്വേഷണത്തിന് കൂടുതല്‍ സമയം സി.ബി.ഐയുടെ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് അലഹാബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ച് ജനുവരി 27ലേക്ക് മാറ്റിയിരുന്നു. ഡിസംബര്‍ പത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കുമെന്ന് നവംബര്‍ 25ന് സി.ബി.ഐ ഹൈക്കോടതിയെ അറിയിച്ചിരുന്നു.കഴിഞ്ഞ സെപ്റ്റംബര്‍ 14നാണ് ഇരുപതുകാരിയായ പെണ്‍കുട്ടിയെ നാലുപേര്‍ ചേര്‍ന്ന് ക്രൂരമായി ബലാത്സംഗത്തിനിരയാക്കിയത്. ഡല്‍ഹിയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് സെപ്റ്റംബര്‍ 29ന് പെണ്‍കുട്ടി മരിച്ചത്. സെപ്റ്റംബര്‍ 30ന് പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ അനുമതിയില്ലാതെ അധികൃതര്‍ മൃതദേഹം അര്‍ദ്ധരാത്രി സംസ്‌കരിച്ചത് വന്‍ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു. യു.പി പൊലീസ് കേസ് കൈകാര്യം ചെയ്തതിനെതിരെയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
English Summary : Gang-rape in Hathras, The CBI has filed a chargesheet