അനാഥാലയത്തില്‍ നിന്നും അയര്‍ലണ്ടിലേക്ക്

ചൈതന്യയുടെ കഥ എല്ലാവര്‍ക്കും പ്രചോദനം

പത്തനാപുരം: പ്രതിസന്ധികളെ പൊരുതി തോല്‍പ്പിച്ച ഗാന്ധിഭവന്റെ സ്വന്തം മകള്‍ ചൈതന്യ അയര്‍ലണ്ടിലേക്ക് പറന്നു. തന്നെ കുറ്റപ്പെടുത്തിയവരുടെയും അവഗണിച്ചവരുടെയും മുന്നില്‍ തലയുയര്‍ത്തിപ്പിടിച്ചു നില്‍ക്കണമെന്ന ഒരൊറ്റ ലക്ഷ്യത്തിന്റെ പിന്നിലുള്ള കഠിനാധ്വാനത്തിന്റെ ഫലമാണ് ചൈതന്യയുടെ അയര്‍ലണ്ട് യാത്ര.

ഇതാദ്യമായിട്ടാണ് ഗാന്ധിഭവനില്‍ നിന്നും ഒരു കുട്ടി സ്വന്തം കഠിന പരിശ്രമത്തിന്റെ ഫലമായി യൂറോപ്യന്‍ രാജ്യത്തേക്ക് പോകുന്നതെന്നും അതില്‍ അത്യധികം അഭിമാനമുണ്ടെന്നും മകള്‍ക്ക് എല്ലാവിധ അനുഗ്രഹങ്ങളും നേരുന്നുവെന്നും അയര്‍ലണ്ടില്‍ നിന്നും ആദ്യ അവധിക്ക് എത്തുമ്പോള്‍ തന്നെ ചൈതന്യയുടെ വിവാഹം നടത്താനാണ് തീരുമാനമെന്നും ഗാന്ധിഭവന്‍ സ്ഥാപകനും മാനേജിംഗ് ട്രസ്റ്റിയുമായ പുനലൂര്‍ സോമരാജന്‍ പറഞ്ഞു. ഗാന്ധിഭവന്‍ സെക്രട്ടറി പുനലൂര്‍ സോമരാജനും ഭാര്യ പ്രസന്നയ്ക്കും മക്കള്‍ക്കൊപ്പമായിരുന്നു ചൈതന്യയും താമസിച്ചിരുന്നത്. തിരുവനന്തപുരം പാറശാല സ്വദേശിയും ബിഎസ്‌സി നേഴ്‌സിങ് ബിരുദധാരിയുമായ അഖില്‍ എസ്. കമലുമായി ഒക്ടോബര്‍ 28ന് ചൈതന്യയുടെ വിവാഹനിശ്ചയം ഗാന്ധിഭവനില്‍ നടന്നു.

ഗാന്ധിഭവനിലെ അച്ഛനമ്മമാരടക്കം ആയിരങ്ങളുടെ നാഥനായ പുനലൂര്‍ സോമരാജന്റെയും ഭാര്യ പ്രസന്നയുടെയും പ്രിയപ്പെട്ട മകളായ ചൈതന്യയെ ആനന്ദാശ്രുക്കളോടെയാണ് ഗാന്ധിഭവന്‍ മഹാകുടുംബം യാത്രയാക്കിയത്.
സ്വന്തമായി വീടോ സ്ഥലമോ ഇല്ലാതിരുന്ന ചൈതന്യയുടെ മാതാപിതാക്കളും സഹോദരങ്ങളും ആലപ്പുഴ മുല്ലയ്ക്കല്‍ വഴിയരികില്‍ കൂരകൂട്ടിയാണ് താമസിച്ചിരുന്നത്. ചൈതന്യയ്ക്ക് ഒന്നര വയസ്സുള്ളപ്പോള്‍ അമ്മയും ആറു വയസ്സോടെ അച്ഛനും മരിച്ചു. സംരക്ഷിക്കുവാന്‍ ആരുമില്ലാതായ കുട്ടികള്‍ അകന്ന ബന്ധുവിന്റെ വീട്ടില്‍ വീട്ടുജോലികള്‍ ചെയ്ത് അവരുടെ നിര്‍ദ്ദേശാനുസരണം ജീവിക്കുകയായിരുന്നു. ദുരിതജീവിതത്തിനിടയിലും ഇവര്‍ പഠനം ഉപേക്ഷിച്ചില്ല. അപ്രതീക്ഷിതമായി ബന്ധുവീട്ടില്‍ നിന്നും ആട്ടിയിറക്കപ്പെട്ടതോടെ അവര്‍ തീര്‍ത്തും ഒറ്റപ്പെട്ടു. എങ്ങോട്ട് പോകണമെന്നറിയാതെ പകച്ചുനിന്ന കുട്ടികളുടെ ദുഃഖം കണ്ട ആലപ്പുഴ എസ്.ഡി.വി (സനാതന ധര്‍മ്മ വിദ്യാലയം) സ്‌കൂളിലെ കൗണ്‍സിലര്‍മാരും സ്‌കൂള്‍ അധികൃതരും ഇടപെട്ട് പതിനാലു വര്‍ഷം മുന്‍പാണ് ചൈതന്യയെയും സഹോദരിമാരെയും ഗാന്ധിഭവനില്‍ എത്തിച്ചത്.

ഗാന്ധിഭവനിലെത്തിയതോടെ ചൈതന്യയുടെയും സഹോദരിമാരുടെയും പഠനം പുനരാരംഭിച്ചു. മൂത്ത സഹോദരി സ്‌പെഷ്യല്‍ സ്‌കൂള്‍ ട്രെയിനിങ് കോഴ്‌സ് പഠിച്ചു. ഇളയ സഹോദരി ജനറല്‍ നഴ്‌സിംഗ് പാസായി. ഇരുവരുടെയും വിവാഹം ഗാന്ധിഭവനാണ് നടത്തിയത്.

പത്തനാപുരം മൗണ്ട് താബോര്‍ സ്‌കൂളില്‍ നിന്നും പ്ലസ്ടുവിന് ഉന്നത വിജയം കരസ്ഥമാക്കിയ ചൈതന്യ ജനറല്‍ നഴ്‌സിംഗും പിന്നീട് പോസ്റ്റ് ബിഎസ്‌സി നഴ്‌സിംഗും മികച്ച നിലയില്‍ പാസായി. തുടര്‍ന്ന് കൊല്ലം ഉപാസന നേഴ്‌സിങ് കോളേജില്‍ ലക്ചറര്‍ ആയി ജോലി ചെയ്തു കൊണ്ടിരിക്കവെയാണ് വിദേശത്തു പോകുന്നതിനുള്ള ഒ.ഇ.ടി പരീക്ഷ പാസായത്.

ആരോഗ്യപ്രശ്‌നങ്ങളുണ്ടായിട്ടും കോവിഡ് കാലത്ത് സ്വന്തം താല്പര്യപ്രകാരം ചൈതന്യ വിവിധ ഹോസ്പിറ്റലുകളില്‍ ഡ്യൂട്ടി ചെയ്തു. ഗാന്ധിഭവനിലെ അച്ഛനമ്മമാരെ ശുശ്രൂഷിച്ചും അവരുടെ ആരോഗ്യകാര്യങ്ങള്‍ ശ്രദ്ധിച്ചുമാണ് ചൈതന്യ ഗാന്ധിഭവനില്‍ കഴിഞ്ഞിരുന്നത്.

ഗാന്ധിഭവന്‍ ചില്‍ഡ്രന്‍സ് ഹോമില്‍ പിഞ്ചുകുഞ്ഞുങ്ങള്‍ മുതല്‍ കോളേജ് തലത്തില്‍ വരെ പഠിക്കുന്ന നാല്‍പത്തിയഞ്ചു പെണ്‍കുട്ടികളാണുള്ളത്. ഇവരില്‍ ഒരാള്‍ തിരുവനന്തപുരം എം.ജി കോളേജില്‍ ബി.എ സോഷ്യോളജി വിദ്യാര്‍ത്ഥിനിയും മറ്റൊരാള്‍ തിരുവനന്തപുരം വിഴിഞ്ഞം ക്രൈസ്റ്റ് കോളേജില്‍ ബി.എസ്.ഡബ്ല്യൂ വിദ്യാര്‍ത്ഥിനിയും ഒരാള്‍ തിരുവനന്തപുരം പ്രസ്സ് ക്ലബ്ബില്‍ ജേര്‍ണലിസം വിദ്യാര്‍ത്ഥിനിയുമാണ്.

admin:
Related Post