ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ നിന്നും രാജിവച്ച മുതിര്‍ന്ന നേതാവ് പി.സി. ചാക്കോ എന്‍.സി.പിയില്‍ ചേര്‍ന്നു. സി.പി.എം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അദ്ദേഹത്തെ എല്‍.ഡി.എഫിലേക്ക് സ്വാഗതം ചെയ്തു. ഇരുവരും സംയുക്തമായി വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് പ്രഖ്യാപനമുണ്ടായത്.
കഴിഞ്ഞ 40 വര്‍ഷമായി എന്‍.സി.പി കേരളത്തില്‍ എല്‍.ഡി.എഫിന്റെ ഭാഗമാണ്. നായനാര്‍ മന്ത്രിസഭയില്‍ ഞാന്‍ മന്ത്രിയായിരുന്നു. ഈ ബന്ധം 1980ലുണ്ടായിരുന്നതാണ്. എല്‍.ഡിഎഫുമായുള്ള ആ ബന്ധം എന്റെ രാഷ്ട്രീയ ആസ്തിയാണ്.
എന്‍.സി.പിയുടെ ഭാഗമായി താന്‍ വീണ്ടും എല്‍.ഡി.എഫില്‍ തിരിച്ചെത്തിയിരിക്കുന്നു. പാര്‍ലമെന്റിലും പാര്‍ലമെന്റ് കമ്മിറ്റികളിലും പല രാഷ്ട്രീയ മുന്നേറ്റങ്ങളിലും താനും യെച്ചൂരിയും ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും എന്‍.സി.പിയുടെയും എല്‍.ഡി.എഫിന്റെയും ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും പി.സി. ചാക്കോ പ്രതികരിച്ചു.
കോണ്‍ഗ്രസ് വിട്ടതിന് പിന്നാലെ, ശരത് പവാറുമായി വ്യക്തിപരമായി അടുപ്പമുള്ള പി.സി. ചാക്കോ എന്‍.സി.പിയിലേക്ക് പോകുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. കോണ്‍ഗ്രസ് സംസ്‌കാരമുള്ള എന്‍.സി.പിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ബി.ജെ.പിയിലും കമ്യൂണിസ്റ്റ് പാര്‍ട്ടിയിലും ചേരാന്‍ താല്‍പര്യമില്ലെന്നും പി.സി ചാക്കോ വ്യക്തമാക്കിയതോടെ അദ്ദേഹത്തിന്റെ പാര്‍ട്ടി പ്രവേശനം ഉറപ്പാവുകയായിരുന്നു. എന്‍.സി.പി പാളയത്തിലെത്തിയതോടെ കേരളത്തില്‍ ഇടതുമുന്നണിക്കായി പി.സി. ചാക്കോ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയേക്കും.
English Summary : Former Congress leader PC Chacko joins Left Front