

സംസ്ഥാനത്തെ ആദിവാസി ഉന്നതികളില്‍ ലഹരി നിര്‍മാര്‍ജന യജ്ഞവും ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടികളും വനം വകുപ്പും എക്‌സൈസ് വകുപ്പും ചേര്‍ന്ന് സംഘടിപ്പിക്കുന്നതിനായി ഇരുവകുപ്പുകളുടെയും ഒരു സംയുക്ത ഹൈബ്രിഡ് യോഗം നടന്നു. എക്‌സൈസ് കമ്മീഷണര്‍ മഹിപാല്‍ യാദവ്, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പ്രമോദ് ജി കൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കിയ യോഗത്തില്‍ വനം സര്‍ക്കിള്‍ ചീഫ് കണ്‍സര്‍വേറ്റര്‍മാരും ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍മാരും വൈല്‍ഡ് ലൈഫ് വാര്‍ഡന്‍മാരും എക്‌സൈസ് ജില്ലാ ഓഫീസര്‍മാരും യോഗത്തില്‍ പങ്കെടുത്തു. മനുഷ്യ വന്യജീവി സംഘര്‍ഷങ്ങള്‍ക്ക് പലപ്പോഴും ലഹരി ഉപയോഗം കാരണമാകുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍, ഇരുവകുപ്പുകളും ചേര്‍ന്ന് സംയുക്ത പട്രോളിങ്ങുകള്‍, റെയ്ഡുകള്‍, പരിശോധനകള്‍ എന്നിവ നടത്തും. ഇരു വകുപ്പുകളുടെയും ചെക്ക് പോസ്റ്റുകളില്‍ സംയുക്ത പരിശോധനകളുണ്ടാകും. ആദിവാസി ഉന്നതികളിലും വനാതിര്‍ത്തി പ്രദേശങ്ങളിലും സംയുക്തമായി ലഹരിവിരുദ്ധ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കും. വനംവകുപ്പിന്റെ പൊതുജന സമ്പര്‍ക്ക പരിപാടികളില്‍ ലഹരിവിരുദ്ധ സന്ദേശങ്ങള്‍ പ്രചരിപ്പിക്കും. വന്യജീവി സംഘര്‍ഷ ലഘൂകരണത്തിനായി രൂപീകരിച്ച ജില്ലാതല ഉദ്യോഗസ്ഥ സമിതികളില്‍ വനം-എക്‌സൈസ് സംയുക്ത പ്രവര്‍ത്തനങ്ങള്‍ എല്ലാ മാസവും ആസൂത്രണം ചെയ്ത് നടപ്പാക്കും.