ചലച്ചിത്രഗാനരചയിതാവും കവിയുമായ അനില്‍പനച്ചൂരാന്‍ അന്തരിച്ചു

Anil Panachooran Photo : Jayaprakash Payyanur

തിരുവനന്തപുരം: ചലച്ചിത്രഗാനരചയിതാവും കവിയുമായ  അനില്‍ പനച്ചൂരാന്‍(56) അന്തരിച്ചു. കോവിഡ് ബാധിച്ച് തിരുവനന്തപുരത്തെ സ്വകാര്യആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച രാത്രി എട്ടരയോടെയായിരുന്നു അന്ത്യം.  അനില്‍കുമാര്‍ പി യു എന്നാണ് യഥാര്‍ത്ഥ പേര്. ലാല്‍ ജോസിന്റെ അറബിക്കഥ എന്ന ചിത്രത്തിലെ ‘ചോര വീണ മണ്ണില്‍ നിന്നുയര്‍ന്നു വന്ന പൂമരം എം മോഹനന്റെ കഥ പറയുമ്പോള്‍ എന്ന ചിത്രത്തിലെ ‘വ്യത്യസ്തനാമൊരു ബാര്‍ബറാം ബാലനെ’ എന്നീ ഗാനങ്ങളാണ് അനില്‍ പനച്ചൂരാനെ പ്രശസ്തിയിലേക്കുയര്‍ത്തിയത്. നങ്ങ്യാര്‍കുളങ്ങര ടി കെ എം കോളേജ്, തിരുവനന്തപുരം ലോ അക്കാദമി, വാറംകല്‍ കാകദീയ സര്‍വകലാശാല എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.

അനില്‍കുമാര്‍ പി.യു. എന്നാണ്് ഇദ്ദേഹത്തിന്റെ യഥാര്‍ത്ഥനാമം. കായംകുളത്തിനടുത്തു് വാരണപ്പള്ളി പനച്ചൂരാന്‍ വീട്ടില്‍ ജനിച്ചു. അച്ഛന്‍ ഉദയഭാനു. അമ്മ ദ്രൗപതി. ചെറുപ്പത്തിലേ കവിതകള്‍ എഴുതിയിരുന്ന പനച്ചൂരാന്‍ ആത്മസംഘര്‍ഷത്തിന്റെ ഉപോല്പന്നമാണു് കവിതയെന്നും സംഘര്‍ഷമില്ലാതെ കവിതയില്ല എന്നും വിശ്വസിച്ചിരുന്നയാളാണ്. ധാരാളം കാസറ്റുകള്‍ അദ്ദേഹത്തിന്റേതായി ഇറങ്ങിയിട്ടുണ്ട്. ‘അനാഥന്‍’ എന്ന കവിതയാണ് ജയരാജിന്റെ ‘മകള്‍ക്ക്’ എന്ന സിനിമയ്ക്ക് പ്രചോദനമായത്. 2007 മുതല്‍ 2010 വരെയുള്ള കാലയളവില്‍ അറബിക്കഥ (2007), കഥ പറയുമ്പോള്‍ (2007), മാടമ്പി (2008), സൈക്കിള്‍ (2008), നസ്രാണി (2008), ഭ്രമരം (2009), പെണ്‍പട്ടണം (2010), ബോഡിഗാര്‍ഡ് (2010) തുടങ്ങി മുപ്പതിലേറെ സിനിമകള്‍ക്ക് അനില്‍ ഗാനരചന നിര്‍വ്വഹിച്ചു.
കായംകുളം കോടതിയില്‍ അഭിഭാഷകനാണ്്. ഭാര്യ:മായ, മകള്‍:ഉണ്ണിമായ.

English Summary : Film song writer and poet Anil Panachooran passed away

admin:
Related Post