ഫാറൂഖ് കോളേജിലെ ആക്രമണം : വിദ്യാര്‍ഥികൾക്ക് ചോദിക്കാനുള്ളത്‌

കോഴിക്കോട്: ഹോളി ആഘോഷിച്ചതിന്റെ പേരില്‍ വിദ്യാര്‍ത്ഥികളുടെ പിന്തുടര്‍ന്ന് ക്രൂരമായി മര്‍ദിച്ച ഫറൂഖ് കോളേജിലെ അധ്യാപകര്‍ക്കെതിരേ പോലീസ് കേസെടുത്തു.

ഫറൂഖ് കോളേജിലെ വിദ്യാര്‍ഥികൾക്ക് ചോദിക്കാനുള്ളത്‌

ഫറൂഖ് കോളേജിലെ എം.എ അറബിക് വിദ്യാര്‍ത്ഥിയായ റസാഖ് സഭാവത്തെകുറിച്ചു ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റ് വായിക്കാം

ആനയ്ക്കു ഭ്രാന്തായാല്‍ ചങ്ങലയ്ക്കിടാം
ചങ്ങലയ്ക്കു ഭ്രാന്തായാലോ?

ഫാറൂഖ് കോളജ്. ശരിയാണ് മലബാറിന്റെ അലിഗഢാണ്. പക്ഷെ, ഇന്നത് ഓട്ടോണമസാണ്.

രണ്ടാം വര്‍ഷ യു.ജിക്കാരുടെ ഹോളി ആഘോഷദിനമായിരുന്നു ഇന്ന്. കളര്‍ വാരിയെറിഞ്ഞുള്ള ആഘോഷങ്ങള്‍ക്കിടയില്‍ അതൊക്കെ ചോദ്യം ചെയ്യാന്‍ പ്യൂണ്‍ എത്തുന്നു. എല്ലാം അടക്കിനിര്‍ത്താനുള്ള അയാളുടെ ത്വര കൊണ്ടാവാം.. അവിടെ ഉരസലുകള്‍. തോണ്ടലുകള്‍. കാര്‍ റേസ് ചെയ്തപ്പോള്‍ മുമ്പിലുണ്ടായിരുന്ന പ്യൂണിന് ഹാലിളകി വിദ്യാര്‍ഥിയുടെ കണ്ണിനിട്ട് ഒറ്റയടി. ഓനൊന്ന് തോണ്ടിയപ്പോ ഞാനൊന്ന് മാന്തി.

അടികിട്ടിയ പ്യൂണും അടികൊണ്ട വിദ്യാര്‍ഥിയും ആശുപത്രിയില്‍ പോയി. അതോടെ തീരേണ്ടതായിരുന്നു. എന്നാല്‍, പിന്നെ നടന്നതെല്ലാം കൈവിട്ട കളികളായിരുന്നു. ഇനി എന്തൊക്കെ സംഭവിക്കുന്നുവോ അതിനെല്ലാം ഉത്തരവാദിത്തം പിന്നീട് കോളജിലുള്ള അധ്യാപകരും അനധ്യാപകരും കൂടി കാട്ടിക്കൂട്ടിയവക്കുള്ളതാണെന്നു കരുതിയാല്‍ മതി.

നൂറോളം വരുന്ന സ്റ്റാഫ് (ആള്‍മോസ്റ്റ് പി.എച്ച്.ഡി നേടിയവര്‍) മൊത്തം രാജഗേറ്റും കടന്ന് തെരുവില്‍ ഇറങ്ങി കണ്ണില്‍ കണ്ട വിദ്യാര്‍ഥികളെയെല്ലാം അടിച്ചൊതുക്കി. അധ്യാപകരെ കണ്ടതിന്റെ ബഹുമാനം കണ്ടാവണം, ഹോളി ആഘോഷിച്ചിരുന്ന വിദ്യാര്‍ഥികളൊക്കെ പിന്തിരിഞ്ഞ് ഓടുന്നുണ്ടായിരുന്നു. എന്നാല്‍ പിന്നാലെ ഓടിച്ചിട്ട് അടിക്കാന്‍ മാത്രം എന്ത് വൈരാഗ്യമാണ് അധ്യാപകര്‍ക്ക് വിദ്യാര്‍ഥികളോടുള്ളത്. അത്രയ്ക്കങ്ങുണ്ടെങ്കില്‍ അതെല്ലാം ക്ലാസില്‍ തീര്‍ക്കാമായിരുന്നു. അല്ലാതെ ഒരുമാതിരി ഊച്ചാളി തെരുവുയുദ്ധക്കാര്‍ ആവരുതായിരുന്നു.

എല്ലാവര്‍ക്കും ആധിയായിരുന്നുവല്ലോ. എന്ത് പരിപാടി അവതരിപ്പിക്കുമ്പോഴും, ചെറിയൊരു പാകപ്പിഴ വന്നാല്‍ കോളജിന് പേരു ദോഷമുണ്ടാക്കുമെന്ന്. ഇപ്പോഴത് മാറിക്കിട്ടിയല്ലോ. കോളജില്‍ കൊടിവീശിയെന്നതിന്റെ പേരില്‍ അഞ്ചു വിദ്യാര്‍ഥികളെ സസ്‌പെന്‍സ് ചെയ്തത് ഓര്‍മ്മയുണ്ടാവുമല്ലോ. ഇനിയിപ്പോള്‍ ഉണ്ടാവാന്‍ പോവുന്നത്, നിരത്തി ഡിസ്മിസ് ആയിരിക്കും. സംശയമില്ല. ആളുകളെ നോക്കി തോല്‍പ്പിച്ചു വിടാനും പ്രശ്‌നമില്ല. ഇവര്‍ തന്നെയാണല്ലോ പരീക്ഷ നടത്തുന്നതും നിയന്ത്രിക്കുന്നതും ഒക്കെ.

ഇനിയും ഏറെ എഴുതാനുണ്ടെങ്കിലും അധ്യാപകരോടുള്ള ഗുരുത്വ ബന്ധം സമ്മതിക്കുന്നില്ല. ഇത്രയും എഴുതിയില്ലെങ്കിലും മനസ്സ് പൊട്ടിപ്പോകുമെന്നതു കൊണ്ടാണ്. ഗുരോസ് പൊറുക്കണം. ഇന്നുച്ചയ്ക്കു വരെ ഒന്നിച്ച് ഉണ്ട അധ്യാപകര്‍.. നിങ്ങളെയൊന്നും ഇങ്ങനെ കാണാനേ പറ്റുന്നില്ല.. എന്തൊരു ദുര്യോഗമാണ്. വിദ്യാര്‍ഥികളോ പൊട്ടന്മാര്‍, നിങ്ങളും അങ്ങനെയായാലോ എന്ന ചോദ്യമുന്നയിച്ചതേ എനിക്കോര്‍മ്മയുള്ളൂ. എന്റെ മേല്‍ ചാടിവീണത് അഞ്ച് പേരാണ്.

ഒരാള്‍ അടിച്ചയാളെ വീണ്ടും വന്ന് അടിക്കുന്നതൊക്കെ എത്ര ക്രൂരമാണ്. അടികൊണ്ടവനറിയുന്നില്ല, എന്തിനാണതെന്ന്. പ്രശ്‌നങ്ങള്‍ പരിഹരിക്കാനും വിദ്യാര്‍ഥികള്‍ ശ്രമിക്കുന്നത് വീഡിയോയില്‍ കാണാം.

admin:
Related Post