രോഗവര്‍ദ്ധനത്തോത് കുറയുന്നു :എണ്‍പത് ശതമാനം രോഗികളും ഏഴ് സംസ്ഥാനങ്ങളില്‍

‌ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 25000ത്തിലേയ്ക്ക് കടക്കുന്നുവെങ്കിലും രോഗവര്‍ദ്ധനത്തോത് ആറ് ശതമാനമായി കുറഞ്ഞെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യത്തെ രോഗബാധിതരുടെ എണ്ണം  ഇപ്പോള്‍ 24,942 ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 56 പേര്‍ കോവിഡ് ബാധിച്ച് മരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതോടെ കോവിഡ് മരണം 779 ആയി ഉയര്‍ന്നു. നിലവില്‍ 18,953 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.  5210 പേര്‍ രോഗ വിമുക്തി നേടി. അതിനിടെ, ആന്ധ്രാപ്രദേശില്‍ കോവിഡ് ബാധിതരുടെ എണ്ണം ആയിരം കടന്നു.

രാജ്യം അടച്ചിട്ടതിലൂടെ കോവിഡ് വ്യാപനം പിടിച്ചു നിര്‍ത്താനായെന്നാണ് ആരോഗ്യ മന്ത്രാലയ വിലയിരുത്തല്‍. ലോക്ക് ഡൗണ്‍ ഒരുമാസം പിന്നിടുമ്പോള്‍ കോവിഡ് രോഗികളുടെ വര്‍ദ്ധനയുടെ തോത് ആറ് ശതമാനമായി കുറഞ്ഞെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ കണക്ക് വ്യക്തമാക്കുന്നു. രോഗബാധിതരില്‍ എണ്‍പത് ശതമാനവുമുള്ളത് ഏഴ് സംസ്ഥാനങ്ങളിലാണ്. അതിഥി തൊഴിലാളികളെ മടക്കിയെത്തിക്കാനുള്ള നടപടികളുമായി കൂടുതല്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ രംഗത്തെത്തി. രോഗികളുടെ വര്‍ദ്ധനത്തോത് ആറ് ശതമാനമായി കുറഞ്ഞു.  

മാര്‍ച്ച് 24ന് രോഗ വ്യാപനത്തോത് 21 ശതമാനമായിരുന്നു. ഇന്നത് 5.8 ശതമാനത്തിലെത്തി. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച ശേഷമുള്ള ഏറ്റവും കുറഞ്ഞ വര്‍ദ്ധനയാണിത്. ലോക്ക് ഡൗണ്‍ അവസാനിക്കുമ്പോഴേക്കും രാജ്യത്തെ രോഗ ബാധിതരുടെ എണ്ണം നാല്പതിനായിരത്തില്‍ താഴെനില്‍ക്കുമെന്നാണ് പ്രതീക്ഷ. എന്നാല്‍, ആശങ്കയുണ്ടാക്കുന്നത് മഹാരാഷ്ട്ര, ഗുജറാത്ത്, ഡല്‍ഹി, മദ്ധ്യപ്രദേശ്, രാജസ്ഥാന്‍, തമിഴ്‌നാട്, ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ രോഗ വ്യാപനത്തോതിലെ വര്‍ദ്ധനവിലാണ്. രാജ്യത്തെ കോവിഡ് ബാധിതരില്‍ അമ്പത് ശതമാനവും മഹാരാഷ്ട്ര, ഗുജറാത്ത്, ഡല്‍ഹി സംസ്ഥാനങ്ങളിലാണ്.

admin:
Related Post