ഇ ഡി ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ വീട്ടില്‍ പരിശോധന നടത്തുന്നു

ബെംഗളൂരു: ബെംഗളൂരുവില്‍ നിന്നുള്ള എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് സംഘം ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ വീട്ടില്‍ പരിശോധന നടത്തുന്നു. സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് പരിശോധന. കര്‍ണാടക പൊലീസ് സിആര്‍പിഎഫും ഇഡി സംഘത്തിനൊപ്പമുണ്ട്. ബിനീഷ് അറസ്റ്റിലാവുന്നതിന് തൊട്ട് മുമ്പ് വരെ മരുതുംകുഴിയിലുള്ള കോടിയേരി എന്ന ഈ വീട്ടിലായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരിയും ഭാര്യയും താമസിച്ചിരുന്നത്. അറസ്റ്റുണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ക്ക് പിന്നാലെയാണ് കോടിയേരി എകെജി സെന്‍ററിന് മുന്നിലുള്ള പാര്‍ട്ടി അനുവദിച്ച ഫ്ലാറ്റിലേക്ക് താമസം മാറിയത്.

എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് പുറമെ ബിനീഷ് കോടിയേരിയുടെ സാമ്പത്തിക ഇടപാടുകളെപ്പറ്റി ആദായനികുതി വകുപ്പും അന്വേഷിക്കുന്നുണ്ട്. കേസ് രജിസ്റ്റര്‍ ചെയ്തേക്കുമെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. ഇഡി  കണ്ടെത്തിയ ആദായ നികുതി റിട്ടേണും ബാങ്ക് നിക്ഷേപവും തമ്മിലുള്ള വ്യത്യാസമാണ് ആദായ നികുതി വകുപ്പിന്റെ നടപടിക്ക് അടിസ്ഥാനം.കസ്റ്റഡിയിലുള്ള ബിനീഷിനെ തുടർച്ചയായി ആറാം ദിവസമാണ് ഇഡി  ചോദ്യം ചെയ്യുന്നത്. കേരളത്തിലെ ബിനീഷിന്‍റെ കമ്പനികളുമായി ബന്ധപ്പെട്ടും ഇഡി അന്വേഷണം പുരോഗമിക്കുകയുമാണ്.

തിരുവനന്തപുരത്ത് ബിനീഷ് ബന്ധപ്പെട്ടിട്ടുള്ള ബിസിനസ് സംരംഭങ്ങൾ പലതാണെന്നാണ് അന്വേഷണ ഏജൻസികൾക്ക് കിട്ടിയിട്ടുള്ള വിവരം. അബ്ദുൾ ലത്തീഫ് ബിനീഷ് കോടിയേരിയുടെ ബിനാമിയാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ഇപ്പോൾ പറയുന്നത്. സാമ്പത്തിക ഇടപാടുകൾക്കും മയക്കുമരുന്ന് കേസിനും പുറമെ സ്വര്‍ണക്കടത്ത് കേസിലേക്ക് കൂടി കാര്യങ്ങൾ എത്തുന്ന രീതിയിലേക്കാണ് ഇപ്പോൾ അന്വേഷണ സംഘം നീങ്ങുന്നതെന്നാണ് സൂചന. കോടിക്കണക്കിന് രൂപയുടെ ഇടപാടുകൾ നടക്കുന്നു എന്ന് പറയുമ്പോൾ തന്നെ ഇതിന്റെ സ്രോതസ്സ് എന്തെന്ന അന്വേഷണവും നടക്കുന്നുണ്ട്.

admin:
Related Post