ശ്രീനാരായണ ഗുരുവിന്റെ നാമധേയത്തിൽ കൊല്ലത്ത് ആരംഭിച്ച സംസ്ഥാനത്തെ ആദ്യ ഓപ്പൺ സർവകലാശാലയുടെ പ്രഥമ വൈസ്ചാൻസലറായി ഡോ.മുബാറക് പാഷയെ നിയമിക്കാൻ ഇന്നുചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. ഒമാൻ നാഷണൽ യൂണിവേഴ്സിറ്റി ഒഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ ഗവേണൻസ് ആൻഡ് സ്ട്രാറ്റജിക് പ്ലാനിംഗ് മേധാവിയാണ് അദ്ദേഹം. ഡോ. സുധീറിനെ പ്രോ വിസിയായി നിയമിക്കാനും തീരുമാനിച്ചു.പ്രോ. വി സി നിയമനം വിവാദത്തിൽ സംസ്ഥാനത്തെ ആദ്യ ഓപ്പൺ സർവകലാശാലയെ തുടക്കത്തിലേ നിയമക്കുരുക്കിൽപ്പെടുത്താൻ നീക്കം നടക്കുന്ന എന്ന ആരോപണത്തിനിടെയാണ് പുതിയ നിയമനങ്ങൾ.
അറുപതു വയസിൽ കൂടുതലുള്ളവരെ പ്രോ വൈസ് ചാൻസലറായി നിയമിക്കാൻ പാടില്ലെന്നാണ് സർവകലാശാലാ നിയമത്തിലുള്ളത്. ആദ്യ പി.വി.സിയെ സർക്കാരിന് നിയമിക്കാമെങ്കിലും, നിയമം മറികടക്കാനാവില്ല. അറുപത് വയസിൽ കൂടാത്ത, പ്രൊഫസറായിരിക്കണം പി.വി.സിയെന്നാണ് യു.ജി.സി ചട്ടം. എന്നാൽ, വിരമിച്ച ശേഷം കരാർ നിയമനം നേടിയ പ്രൊഫസറല്ലാത്ത 64 വയസുളളയാളെ ഓപ്പൺ സർവകലാശാലയിലെ പി.വി.സി തസ്തികയിലേക്ക് നിയമിച്ചതാണ് വിവാദമായത്.
ഈ കരാർ തസ്തിക പ്രൊഫസറുടേതിന് തുല്യമല്ല. വി.സി, പി.വി.സി തുടങ്ങിയ സ്റ്റാറ്റ്യൂട്ടറി തസ്തികകളിൽ യു.ജി.സി യോഗ്യതയുള്ളവരെ നിയമിച്ചില്ലെങ്കിൽ സർവകലാശാലയ്ക്ക് യു.ജി.സി അംഗീകാരം ലഭിക്കില്ല.വിദൂരപഠനത്തിന് യു.ജി.സി അംഗീകാരമില്ലെങ്കിൽ കുട്ടികൾ വലയും. നേരത്തേ, യു.ജി.സി അംഗീകാരമില്ലാത്തതിനാൽ നാല് സർവകലാശാലകളിൽ വിദൂരപഠനം നിറുത്തേണ്ടിവന്നിരുന്നു. കേസുണ്ടായാൽ നിയമവിരുദ്ധ നിയമനം റദ്ദാക്കപ്പെടാം.
യോഗ്യതയുള്ള നിരവധി അപേക്ഷകൾ സർക്കാരിന്റെ പരിഗണനയിലിരിക്കെയാണ് തുടക്കത്തിലേ കല്ലുകടിയാവുന്ന തീരുമാനം.കേരള, കലിക്കറ്റ്, എം.ജി, കണ്ണൂർ സർവകലാശാലകളിലെ വിദൂര, പ്രൈവറ്റ് പഠനം ശ്രീനാരായണഗുരു സർവകലാശാലയിലേക്ക് മാറ്റിയിട്ടുണ്ട്. ഈ അദ്ധ്യയന വർഷം മുതൽ പ്രവേശനം ഓപ്പൺ സർവകലാശാലയിലാണ്.
English Summary : Dr.PM Mubarak Pasha Sreenarayanaguru Open College vc