പുത്തൻ വണ്ടികളിൽ ഡീലർമാരുടെ കൃത്രിമത്തിന് തടയിടാൻ മോട്ടോർ വാഹന വകുപ്പ് .ഡീലർമാരുടെ ഉത്തരവാദിത്വത്തിലുള്ള പുതിയ വാഹനങ്ങളിൽ ഒഡോ മീറ്റർ കണക്ഷനിൽ കൃത്രിമം നടത്തുന്നുണ്ടെന്ന പരാതിയെ തുടർന്നാണ് മോട്ടോർ വാഹന വകുപ്പ് പരിശോധന കർശനമാക്കിയത്.
വാഹനം വിൽപ്പനക്ക് മുമ്പ് നടത്തുന്ന ടെസ്റ്റ് ഡ്രൈവ്, പ്രദർശത്തിന് കൊണ്ടുപോകൽ, മറ്റു ഷോറൂമിലേക്ക് സ്റ്റോക്ക് മാറ്റൽ തുടങ്ങിയ ആവശ്യങ്ങൾക്കും ചില സ്വകാര്യ ആവശ്യങ്ങൾക്കും പുതിയ വാഹനം ഉപയോഗിക്കുമ്പോൾ ഓടിയ ദൂരം മീറ്ററിൽ കാണാതെ തീരെ ഓടാത്ത വാഹനമാണെന്ന് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടിയാണ് ഇങ്ങനെ കൃത്രിമം നടത്തുന്നത്. ഇത് മോട്ടോർ വാഹന നിയമത്തിന്റെ ലംഘനം ആയതിനാൽ ഡീലർക്ക് ഒരു ലക്ഷം രൂപ പിഴ ചുമത്താൻ ആണ് വ്യവസ്ഥയുള്ളത്. കഴിഞ്ഞദിവസം പാങ്ങ് ചേണ്ടിയിൽ പൊതുസ്ഥലത്ത് പ്രദർശനത്തിന് വെച്ച രണ്ട് മോട്ടോർസൈക്കിൾ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം പരിശോധിച്ചപ്പോൾ ഇരു വാഹനങ്ങളിലെയും ഓഡോ മീറ്റർ കണക്ഷൻ വിച്ഛേദിച്ചതായി കണ്ടെത്തി. പെരിന്തൽമണ്ണയിലെ ഒരു ഡീലറുടെ കൈവശത്തിലുള്ള മോട്ടോർസൈക്കിളുകൾക്ക് ട്രേഡ് സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള രേഖകൾ ഇല്ലാത്തതിനാലും 10,3000 (ഒരു ലക്ഷത്തി മുആയിരം രൂപ) വീതം പിഴ ചുമത്തി.
മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പി. കെ. മുഹമ്മദ് ഷഫീക്കിന്റെ നേതൃത്വത്തിൽ എ എം വി ഐമാരായ കെ.ആർ ഹരിലാൽ, പി ബോണി എന്നിവരാണ് പരിശോധന നടത്തിയത്.മൂന്ന് മാസങ്ങൾക്ക് മുമ്പും ഇത് പോലെ ഒരു കാർ എൻഫോഴ്സ്മെന്റ് വിഭാഗം പിടികൂടി പിഴ ചുമത്തിയിരുന്നു.