ഏകീകൃത സിവില്‍ കോഡ് ഉടന്‍ നടപ്പിലാക്കുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്

രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. രാമക്ഷേത്രം, ആര്‍ട്ടിക്കിള്‍ 370, മുത്തലാഖ് തുടങ്ങിയ വാഗ്ദാനങ്ങള്‍ നടപ്പിലാക്കി. ഇനി അടുത്തത് ഏകീകൃത സിവില്‍ കോഡാണെന്നായിരുന്നു രാജ്നാഥ് സിംഗ് പറഞ്ഞത്. ലഖ്‌നൌവില്‍ നടന്ന ബി.ജെ.പി സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാമക്ഷേത്ര നിര്‍മ്മാണത്തെക്കുറിച്ച് പറയുമ്‌ബോള്‍ നിങ്ങള്‍ക്ക് മറ്റൊന്നും പറയാനില്ലേ എന്നാണ് ആളുകള്‍ ചോദിക്കുന്നത്. എന്നാല്‍ പൂര്‍ത്തീകരിച്ച വാഗ്ദാനത്തെക്കുറിച്ചാണ് തങ്ങള്‍ സംസാരിക്കുന്നത്. രാമക്ഷേത്രം പോലെ മുത്തലാഖ് നിര്‍ത്തലാക്കുമെന്ന വാഗ്ദാനവും നടപ്പാക്കി. അടുത്തത് ഏകീകൃത സിവില്‍ കോഡാണെന്നും രാജ്നാഥ് സിംഗ് വ്യക്തമാക്കി.
ഏകീകൃത സിവില്‍ കോഡ് ഒരു മതത്തിനും വിശ്വാസത്തിനും എതിരായിരിക്കില്ലെന്നും അദ്ദേഹം വിശദീകരിച്ചു. ഇത് ഹിന്ദുക്കള്‍ക്കോ മുസ്‌ലിംകള്‍ക്കോ ക്രിസ്ത്യാനികള്‍ക്കോ എതിരല്ല. തങ്ങളുടെ രാഷ്ട്രീയം മനുഷ്യനും മനുഷ്യത്വത്തിനും വേണ്ടിയുള്ളതാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

2019 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനമായിരുന്നു ഏകീകൃത സിവില്‍ കോഡ്. ഏകീകൃത സിവില്‍ കോഡ് നിലവില്‍ വരികയാണെങ്കില്‍ വിവാഹം, അനന്തരവകാശം, വിവാഹമോചനം, ദത്തെടുക്കല്‍ മുതലായവുമായി ബന്ധപ്പെട്ട നിയമങ്ങളെല്ലാം രാജ്യത്തെ എല്ലാ മതവിഭാഗങ്ങള്‍ക്കും ഒരു നിയമത്തിന് കീഴിലാകും. മുസ്‌ലിം വ്യക്തിനിയമം പിന്തുടരുന്ന വിഭാഗങ്ങളിലെ നിയമ പരിഗണനകള്‍ ഏകീകൃത സിവില്‍ കോഡ് നടപ്പില്‍ വരുന്നതോടെ ഇല്ലാതെയാകും.

ഇതിനെതിരെ പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തിയിരുന്നു. ഏകീകൃത സിവില്‍ കോഡ് എന്ന പേരില്‍ ഹിന്ദുത്വനിയമങ്ങള്‍ അടിച്ചേല്‍പ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നാണ് വിമര്‍ശനം.

English Summary : Defense Minister Rajnath Singh has said that the Unified Civil Code will be implemented soon

admin:
Related Post