ദാവൂദ് ഇബ്രാഹിം കൊവിഡ് ബാധിച്ച് മരിച്ചതായി റിപ്പോര്‍ട്ട്

ന്യുഡല്‍ഹി: അധോലോക നായകനും മുംബൈ സ്ഫോടനക്കേസിലെ മുഖ്യപ്രതിയുമായ ദാവൂദ് ഇബ്രാഹിം കൊവിഡ് 19 ബാധിതനായി കറാച്ചിയില്‍ വച്ച് മരിച്ചതായി ദേശീയമാധ്യമം റിപ്പോര്‍ട്ട് ചെയ്തു.വാര്‍ത്താ ചാനലായ ന്യൂസ് എക്സ് ആണ് ഇത്തരത്തില്‍ ഒരു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കറാച്ചിയിലെ സൈനിക ആശുപത്രിയില്‍ വച്ചാണ് ദാവൂദ് മരിച്ചതെന്നും ഉറവിടങ്ങളെ ഉദ്ധരിച്ച് ന്യൂസ് എക്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല.
ദാവൂദ് ഇബ്രാഹിമിനും ഭാര്യ സുബീന സറീന്‍ എന്ന മെഹ്ജാബീന്‍ ഷെയ്ഖിനും കൊവിഡ് രോഗം സ്ഥിരീകരിച്ചതായും ഇവരെ കറാച്ചിയിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ഇന്നലെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ദാവൂദിന്റെ പേഴ്‌സനല്‍ സ്റ്റാഫിനെയും ഗാര്‍ഡുകളെയും ക്വാറന്റൈനിലാക്കിയതായും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.
അതേസമയം സമൂഹമാധ്യമങ്ങളിലൂടെ പരക്കുന്ന അഭ്യൂഹങ്ങള്‍ ദാവൂദിന്റെ സഹോദരന്‍ തള്ളി. ദാവൂദ് കൊവിഡ് ബാധിതനല്ലെന്നും സുഖമായി ഇരിക്കുന്നതായും അദ്ദേഹം പറഞ്ഞു.
1993ലെ ബോംബെ സ്‌ഫോടന കേസുള്‍പ്പെടെ നിരവധി കുറ്റകൃത്യങ്ങളില്‍ ഇന്റര്‍പോള്‍ തിരയുന്ന കുറ്റവാളിയാണ് ദാവൂദ് ഇബ്രാഹിം. ഇയാളെ കൊടുംകുറ്റവാളിയായാണ് ഇന്ത്യ വിശേഷിപ്പിക്കുന്നത്. ഇയാള്‍ പാകിസ്ഥാനിലെ കറാച്ചിയില്‍ താമസിക്കുന്നുണ്ടെന്നാണ് ഇന്ത്യ ആരോപിക്കുന്നത്. എന്നാല്‍ തുടര്‍ച്ചയായി ഇക്കാര്യം പാകിസ്ഥാന്‍ നിഷേധിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തിലാണ് ഇയാള്‍ക്ക് കൊവിഡ് ബാധയുണ്ടായെന്നും മരിച്ചുവെന്നുമുള്ള അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നത്.

admin:
Related Post