തിരുവനന്തപുരം: പിണറായി വിജയന്‍റെ വാക്കുകൾ പാടെ തള്ളി അദ്ദേഹത്തിന്‍റെ പാർട്ടിക്കാർ. കൊടികുത്തൽ സമരങ്ങൾ അനാവശ്യമാണെന്ന മുഖ്യമന്ത്രിയുടെ വാക്കുകൾക്കു വിലനൽകാതെ കോഴിക്കോട്ട് പുതുപ്പാടിയിൽ ഫാക്ടറിക്കു മുന്നിൽ അതിർത്തി തർക്കം ചൂണ്ടിക്കാട്ടി സിപിഎം പ്രവർത്തകർ കൊടികുത്തി. ഇതേത്തുടർന്ന് ലാറ്റക്സ് യൂണിറ്റിന്‍റെ പ്രവർത്തനം നിലച്ചെന്നാണ് വിവരം.
മദ്യപിച്ചെത്തിയ പാർട്ടി പ്രവർത്തകർ ഫാക്ടറി പ്രവർത്തിപ്പിക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞാണ് കൊടിനാട്ടിയതെന്ന് ഫാക്ടറി ഉടമസ്ഥൻ ആരോപിച്ചു. കൊടികുത്തിയെന്നത് പ്രാദേശിക സിപിഎം നേതൃത്വം സ്ഥിരീകരിക്കുകയും ചെയ്തു.
തിങ്കളാഴ്ച നിയമസഭയിൽ സംസാരിക്കവെയാണ് കൊല്ലത്ത് പ്രവാസിയായ സുഗതൻ ജീവനൊടുക്കിയ സംഭവവുമായി ബന്ധപ്പെട്ട് കൊടികുത്തൽ സമരങ്ങൾക്കെതിരെ മുഖ്യമന്ത്രി തുറന്നടിച്ചത്. ഓരോ പാർട്ടിയുടേയും വിലപ്പെട്ട സ്വത്താണ് അവരുടെ കൊടിയെന്നും അത് എവിടെയങ്കിലും കൊണ്ടുപോയി നാട്ടുന്നത് ശരിയല്ലെന്നുo മുഖ്യമന്ത്രി പറഞ്ഞു. ഏത് പാർട്ടിയാണെങ്കിലും കൊടികുത്തുന്ന പ്രവണത ആശാസ്യമല്ലെന്നും ഇത് അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.