ന്യൂഡല്‍ഹി; രാജ്യത്ത് ലോക്ക് ഡൗണ്‍ അഞ്ചാംഘട്ടത്തിലേക്ക് നീങ്ങുമ്പോള്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കി. ആരാധനാലയങ്ങളില്‍ പ്രവേശിക്കാനടക്കം അനുവാദം നല്‍കികൊണ്ടുളള ഇളവുകളില്‍ വ്യക്തതവരുത്തുന്നതാണ് കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദ്ദേശം. ഷോപ്പിംഗ് മാളുകളും റസ്റ്റോറന്റുകളും തുറക്കുമ്പോള്‍ പാലിക്കേണ്ട നിയന്ത്രണങ്ങളിലും കേന്ദ്രം വ്യക്തത വരുത്തിയിട്ടുണ്ട്.
കണ്ടെയ്ന്‍മെന്റ് സോണില്‍ ആരാധനാലയം തുറക്കരുത്. 65 വയസ് കഴിഞ്ഞവരും കുട്ടികളും ആരാധനാലയങ്ങളിലും പോകരുത്. ആരാധനാലയങ്ങളില്‍ പ്രവേശിക്കുമ്പോഴും മുഖാവരണം നിര്‍ബന്ധമായും ധരിക്കണം. ആരാധനാലയങ്ങളില്‍ നിന്ന് പ്രസാദമോ തീര്‍ത്ഥമോ നല്‍കരുത്. കൊയറും പ്രാര്‍ത്ഥനാ സംഘങ്ങളും ഒഴിവാക്കണം. വലിയ കൂട്ടായ്മകള്‍ അനുവദിക്കരുത്. പ്രാര്‍ത്ഥനയ്ക്ക് പൊതുപായ ഒഴിവാക്കണം. വിഗ്രഹങ്ങളിലും മൂര്‍ത്തികളിലും തൊടാന്‍ അനുവദിക്കരുത് എന്നിങ്ങനെയാണ് നിര്‍ദ്ദേശങ്ങള്‍.
ലോക്ക്ഡൗണ്‍ ഇളവുകളുടെ ഭാഗമായി ജൂണ്‍ എട്ട് മുതല്‍ ആരാധനാലയങ്ങളും മതസ്ഥാപനങ്ങളും തുറക്കാമെന്ന് മെയ് 30നുള്ള ഉത്തരവില്‍ കേന്ദ്രം വ്യക്തമാക്കിയിരുന്നു. എന്നാല്‍ മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നില്ല.
English Summary : Covid19 the central government has issued a guideline announcing further concessions as the country moves into lockdown phase 5.