രോഗികള്‍ 111, ഏറ്റവും ഉയര്‍ന്ന നിരക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം മൂന്നക്കം കടന്നു. ഇന്നലെ 111 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്കാണ്. 50 പേര്‍ വിദേശത്തു നിന്നും വന്നവരാണ്. 48 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും. 10 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. ഇതില്‍ 3 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. 22 പേര്‍ ഇന്നലെ രോഗമുക്തരായി. 973 പേരാണ് ചികിത്സയിലുള്ളത്. ഇന്നലെ മാത്രം രോഗലക്ഷണങ്ങളോടെ 247 പേരെ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. കേരളത്തില്‍ 1,77,106 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇവരില്‍ 1,75,561 പേര്‍ വീടുകളിലും, ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

പാലക്കാട് (40), മലപ്പുറം (18), പത്തനംതിട്ട (11), എറണാകുളം (10), തൃശൂര്‍ (എട്ട്), തിരുവനന്തപുരം, ആലപ്പുഴ (5 വീതം), കോഴിക്കോട് (4) ഇടുക്കി, വയനാട് (3വീതം), കൊല്ലം (2), കോട്ടയം, കാസര്‍കോട് ജില്ലയില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ട 10 പേരില്‍ പാലക്കാട് (അഞ്ച്), മലപ്പുറം (മൂന്ന്), തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളിലുള്ള ഓരോരുത്തരും ഉള്‍പ്പെടുന്നു. മലപ്പുറത്തെ രണ്ടും, തൃശ്ശൂരിലെ ഒരു ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ഇന്നലെ മാത്രം 3,597 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചു. ഇതുവരെ 79,074 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 74,769 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റീവ് ആണ്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 19,650 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 18,049 സാമ്പിളുകള്‍ നെഗറ്റീവ് ആയി. സംസ്ഥാനത്ത് ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 128 ആയി. വയനാട് മൂന്നും കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ ഒന്നു വീതവുമാണ് പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍.

English summary: Covid19 News Update Patients 111, the highest rate

admin:
Related Post